കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിക്ക് 13 കോടി

കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ അഭിമാനം പദ്ധതിയുടെ 2023 – 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 13,56,93,347 കോടി നീക്കി വച്ച് തദ്ദേശ സ്ഥാപനങ്ങള്‍. 6.64 കോടി രൂപ തൊഴിലന്വേഷകര്‍ക്കുള്ള നൈപുണ്യ വികസന പരിശീലനത്തിനും 4.57 കോടി രൂപ തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നതിനും 2,34കോടി രൂപ ഫെസിലിറ്റേഷന്‍ സെന്ററിനുമായാണ് വിനിയോഗിക്കുക. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് തുക ഉപയോഗിക്കുക.

ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ആണ് പദ്ധതി തുക നേരിട്ട് ചെലവഴിക്കുന്നത്. നൈപുണ്യ പരിശീലനം, തൊഴില്‍മേളകള്‍, ഫെസിലിറ്റേഷന്‍ സെന്റര്‍, വര്‍ക്ക് നിയര്‍ ഹോം എന്നിങ്ങനെ നാല് പദ്ധതികള്‍ക്കാണ് ഫണ്ട് ഉപയോഗപ്പെടുത്തുക. പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാങ്കേതിക ഉപദേശവും സഹായവും നോളെജ് ഇക്കോണമി മിഷന്‍ നല്‍കും.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍ ഉള്‍പ്പെടെ 225 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് നൈപുണ്യ പരിശീലനത്തിന് 2023-24 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുള്ളത്. തൊഴിലന്വേഷകരുടെ യോഗ്യതയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തില്‍ നൈപുണ്യവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതാണ് നൈപുണ്യ വികസന പരിപാടികള്‍.

94 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയ്ക്കും 113 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫെസിലിറ്റേഷന്‍ സെന്ററിനും തുക വകയിരുത്തിയിട്ടുണ്ട്. എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0 പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനും തൊഴിലന്വേഷകരുമായി സംവദിക്കുന്നതിനും കമ്മ്യൂണിറ്റി അംബാസിഡര്‍ക്ക് ഇരുന്ന് പ്രവര്‍ത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കേണ്ട സ്ഥിരം ഓഫീസാണ് ഫെസിലിറ്റേഷന്‍ സെന്റര്‍. വിജ്ഞാന തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമീപ പ്രദേശത്ത് തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങള്‍ ഒരുക്കുന്ന വര്‍ക്നിയര്‍ ഹോം സംവിധാനത്തിനായി നാല് പഞ്ചായത്തുകള്‍ തയ്യാറായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍, കല്പകഞ്ചേരി, കോഴിക്കോട് ജില്ലയിലെ ഉണ്ണിക്കുളം, കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ പഞ്ചായത്തുകളാണ് വര്‍ക്ക് നിയര്‍ ഹോം സ്ഥാപിക്കുന്നതിനായി ഫണ്ട് വകയിരുത്തിയിരിക്കുന്നത്.

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗ്രാഫിക് ഡിസൈനിങ്, ആന്‍ഡ്രോയിഡ് പ്രോഗ്രാമിംഗ് തുടങ്ങിയ ഐടി കോഴ്സുകള്‍ക്കും ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിജിറ്റല്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, പ്രഫഷണല്‍ കോഴ്സ് ഇന്‍ ജി എസ് ടി, ഇന്റീരിയര്‍ ഡിസൈനിങ്, വെബ് & യു ഐ ഡിസൈനിങ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് തുടങ്ങി നൂതന തൊഴിലുകള്‍ ആവശ്യപ്പെടുന്ന സ്‌കില്ലിങ് കോഴ്സുകളും നൈപുണ്യ വികസന പരിശീലന കോഴ്സുകളില്‍ ഉള്‍പ്പെടുന്നു.

നോളെജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡി ഡബ്ല്യു എം എസില്‍ രജിസ്റ്റര്‍ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് നോളെജ് മിഷന്റെ പരിശീലനങ്ങളിലും തൊഴില്‍മേളകളിലും പങ്കെടുക്കാനാകുക. സമൂഹത്തിന്റെ താഴെത്തട്ടില്‍ ഉള്ളവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും വിജ്ഞാന തൊഴിലിലേക്ക് എത്താന്‍ സഹായകമാകുന്ന തരത്തിലാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനങ്ങള്‍ നടപ്പാക്കുന്നത് എന്നതിനാല്‍ നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കിത് മികച്ചൊരു സാധ്യതയാണ്.

നൈപുണ്യ പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന, പട്ടികജാതി- പട്ടികവര്‍ഗം, ട്രാന്‍സ് ജെന്‍ഡര്‍, മത്സ്യത്തൊഴിലാളികള്‍, വിധവകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സബ്സിഡിക്ക് അര്‍ഹതയുണ്ട്. സബ്സിഡി പരമാവധി 20000 രൂപ വരെ നോളെജ് ഇക്കോണമി മിഷന്‍ നല്‍കും. ബാക്കി തുക തദ്ദേശസ്ഥാപനങ്ങളും നല്‍കേണ്ടതാണ്.

പരിശീലന പരിപാടിയുടെ യൂണിറ്റ് കോസ്റ്റ് നോളെജ് മിഷന്‍ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. നോളെജ് ഇക്കോണമി മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിശീലന പരിപാടികള്‍ക്ക് മാത്രമാണ് സബ്സിഡി ലഭ്യമാകുക. മിഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ വഴിയാണ് നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടത്. എല്ലാ തലത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതി ഏറ്റെടുക്കാവുന്നതാണ്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് പരമാവധി 2 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 4 ലക്ഷം രൂപയും കോര്‍പ്പറേഷനുകള്‍ക്ക് ആറ് ലക്ഷം രൂപയും തൊഴില്‍മേളകള്‍ക്കായി ചെലവിടാം. നൈപുണ്യ വികസന പരിപാടികളുടെയും തൊഴില്‍മേളയുടെയും നടത്തിപ്പ് ചുമതല തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും ഫെസിലിറ്റേഷന്‍ സെന്റര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല ആവശ്യമെങ്കില്‍ അസി. എഞ്ചിനീയര്‍മാര്‍ക്കുമായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top