കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നിര്‍ദേശിച്ച 4 വിദ്യാര്‍ഥികളുടെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

എറണാകുളം; കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥികളെ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഇടക്കാല ഉത്തരവ്. സെനറ്റിലേക്ക് നാല് വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത നടപടിക്കാണ് സ്റ്റേ. യോഗ്യതയുള്ള വിദ്യാര്‍ഥികളെ അവഗണിച്ചാണ് ഗവര്‍ണര്‍ മറ്റ് വിദ്യാര്‍ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം. മാര്‍ ഇവാനിയോസ് കോളേജ് വിദ്യാര്‍ത്ഥി നന്ദകിഷോര്‍, അരവിന്ദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്സ്, സ്‌പോര്‍ട്സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലേക്ക് മികച്ച പ്രകടനം നടത്തിയവരെയാണ് വിദ്യാര്‍ഥി പ്രതിനിധികളായി സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഇതുപ്രകാരം നാലു റാങ്ക് ജേതാക്കള്‍, കലാപ്രതിഭ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങള്‍ തുടങ്ങിയവരെയാണ് കേരള സര്‍വകലാശാല വി.സി. സെനറ്റിലെ നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍വകലാശാല നല്‍കിയ ഈ പട്ടിക വെട്ടിയായിരുന്നു യോഗ്യത ഒന്നുമില്ലാത്തവരെ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.

അഭിഷേക് ഡി നായര്‍, ധ്രുവിന്‍ എസ് എല്‍, മാളവിക ഉദയന്‍, സുധി സുധന്‍ എന്നിവരുടെ നാമനിര്‍ദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പി. അനുഭാവികളാണെന്നും ആരോപണമുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top