നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനില്‍ പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ അമ്മയ്ക്ക് ആശ്വാസ വിധിയുമായി ഡല്‍ഹി ഹൈക്കോടതി. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് ഹൈക്കോടതി ഉത്തരവിട്ടത്.

2016 മുതല്‍ യെമെനിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ നിമിഷയുടെ ബന്ധുക്കള്‍ക്ക് അവിടേക്കുപോകാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ നയതന്ത്ര ഇടപെടലുകള്‍ വേണമെന്നും യെമെനിലെ പരമോന്നത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി കോടതിയെ സമീപിച്ചത്.

നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കാനായി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് പ്രേമകുമാരി കോടതിയെ സമീപിച്ചത്. യെമനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ കാരണം എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ലെന്നും സുരക്ഷാ വിഷയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലം യാത്ര ചെയ്യരുതെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ കുടുംബം യെമെന്‍ സന്ദര്‍ശിച്ചാല്‍ അവിടുത്തെ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top