Section

malabari-logo-mobile

സര്‍ക്കാരിന്റെ ആയിരം ദിനം : ആഘോഷ പരിപാടികള്‍ ഫെബ്രുവരി 20 മുതല്‍

HIGHLIGHTS : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 27 വരെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തിന് സമീപം വില്‍പ്പന പ്രദര്‍ശന മേളയും സ...

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20 മുതല്‍ 27 വരെ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തിന് സമീപം വില്‍പ്പന പ്രദര്‍ശന മേളയും സെമിനാറും സാംസ്‌കാരിക മേളയും നടക്കും. ആയിര ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളിലായി 120 വികസന പദ്ധതികളാണ് നാടിന് സമര്‍പ്പിക്കുക. ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നടക്കുന്ന നാല് പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

പരിപാടികളുടെ നടത്തിപ്പിനായി തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവയുടെ അധ്യക്ഷതയില്‍ വിപുലമായ യോഗം ചേര്‍ന്നു. ജില്ലാഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പും തിരൂര്‍ നഗരസഭയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി എല്ലാ ദിവസവും സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍,എന്നിവ ഉണ്ടാവും. ഇതിനു പുറമെ കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടാവും.

sameeksha-malabarinews

ഫെബ്രുവരി 20 ന് ആരംഭിക്കുന്ന മേളയുടെ ഔപചാരികമായ ഉദ്ഘാടനം വൈകിട്ട് 5.30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതുള്‍പ്പടെ 80 ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്. ഇതില്‍ ചക്ക മഹോത്സവം, ഉമ്മാന്റെ വടക്കിനി എന്നിവയുമായി 40 സ്റ്റാളുകളാണ് കുടുംബശ്രീക്കുള്ളത്. കുടാതെ ഫെബ്രുവരി 24 ന് കുടുംബശ്രീ മേളയും സെമിനാറും സംഘടിപ്പിക്കും. പൂര്‍ണമായും ഹരിത നിയമാവലി അനുസരിച്ചായിരിക്കും മേളയുടെ നടത്തിപ്പ്. ശുചീകരണത്തിന്റെ പൂര്‍ണ ചുമതല ശുചിത്വമിഷനായിരിക്കും.

സ്റ്റാളുകളില്‍ പൊതു ജന സേവനാര്‍ത്ഥം അക്ഷയുടെ വിവിധ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാകും. കൂടാതെ മേളയിലെത്തുന്നവര്‍ക്ക് സൗജന്യ വൈ ഫൈ സേവനവും അക്ഷയ ഒരുക്കുന്നുണ്ട്. വ്യത്യസ്ത ദിവസങ്ങളിലായി ഡി.ടി.പി.സി, മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി എന്നിവര്‍ പരിപാടികള്‍ സംഘടിപ്പിക്കും. ആയിരം ദിന പരിപാടികളുടെ പ്രചരണാര്‍ത്ഥം മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ പാട്ട് വണ്ടി തിരൂരില്‍ പര്യടനം നടത്തും. കൂടാതെ കണ്ണൂര്‍ ഷെരീഫിന്റെ ഗാനമേള, വി പി മന്‍സിയയുടെ നൃത്തം എന്നിവ സായാഹ്നങ്ങളെ വര്‍ണാഭമാക്കും. ഷഹബാസ് അമന്റെ ഗാനമേളയോടെയാണ് ആയിരം ദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകുക.

തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. സംഘാടക സമിതി ചെയര്‍മാനെക്കൂടാതെ 501 അംഗ പ്രാദേശിക സമിതിയും കഴിഞ്ഞ ദിവസങ്ങളിലായി രൂപീകരിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും ജില്ലയിലെ എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. ആര്‍.ഡി.ഒ മെഹറലിയാണ് ജനറല്‍ കണ്‍വീനര്‍.

തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ബാവ അധ്യക്ഷനായി. അഡ്വ. പി ഹംസക്കുട്ടി, പിമ്പിടാത്ത് ശ്രീനിവാസന്‍, പി .കുഞ്ഞിമൂസ, മുജീബ് താനാളൂര്‍, തഹസില്‍ദാര്‍ പി.വി സുധീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, മലയാള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.അനിതകുമാരി, ഗായകന്‍ ഫിറോസ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഉദ്ഘാടന ദിനമായ ഫെബ്രുവരി 20ന് തിരൂര്‍ താഴെപാലത്ത് നിന്നും പരിപാടികള്‍ നടക്കുന്ന സാസ്‌കാരിക സമുച്ചയത്തിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കും. ആഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ വിളംബര യാത്രയും സംഘടിപ്പിക്കും. വിളംബര യാത്രയിലും ഘോഷ യാത്രയിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ക്ലബുകളുടെയും പങ്കാളിത്തം ഉണ്ടാകും. തിരൂര്‍ സൈക്ലിംഗ് ക്ലബിന്റെ സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സൗഹ്യദ ഫുട്ബോള്‍ മല്‍സരവും സംഘടിപ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!