Section

malabari-logo-mobile

ലാബോറട്ടറിലെ പാമ്പുകള്‍

HIGHLIGHTS : നാരായണന്‍ അത്തോളി പരപ്പനങ്ങാടി ബി ഇ എം ഹൈസ്‌കൂള്‍ അറുപതുകളുടെ മധ്യകാലഘട്ടം.

നാരായണന്‍ അത്തോളി

പരപ്പനങ്ങാടി ബി ഇ എം ഹൈസ്‌കൂള്‍ അറുപതുകളുടെ മധ്യകാലഘട്ടം. യു പി ക്ലാസില്‍ പഠിക്കുമ്പോഴാണ് വെള്ള ഷര്‍ട്ടും ഇറുകിയ പാന്റ്‌സും ധരിച്ച് മെലിഞ്ഞ് സുമുഖനായ അധ്യാപകന്‍ സ്റ്റാഫ് റൂമിലേക്ക് കയറിപോകുന്നത് ഞങ്ങള്‍ ഒരു കൂട്ടം കുട്ടികള്‍ കാണുന്നത്. ഒരുത്തന്‍ ചോദിച്ചു : ഏതാടാ ‘ഒരിടുക്കുറ്റിക്കഴ’ പോണത്? അന്ന് ഇറുകിയ പാന്റ്‌സിന്റെ നാടന്‍ പേരാണത് (പറമ്പില്‍ കന്നുകാലികള്‍ കയറാതിരിക്കാന്‍ ‘V’ ആകൃതിയില്‍ നിര്‍മ്മിക്കുന്ന പടിയാണിത്). പാന്റ്‌സും കോട്ടും ടൈയും ഹാറ്റും ധരിക്കുന്ന ഹെഡ്മാസ്റ്ററുണ്ടായിരുന്നു. ടൈറ്റ്പാന്റ്‌സിനെ പുട്ടുകുറ്റിക്ക് ശീല ചുറ്റിയപോലെ എന്നും പറയാറുണ്ടായിരുന്നു. തിരിവിതാംകൂറില്‍ നിന്ന് അധ്യാപകര്‍ കൂട്ടത്തോടെ എത്തുന്ന കാലം, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സയന്‍സ് അധ്യാപകനായെത്തിയതാണ്. പേര് മാത്യു കുന്നങ്കേരി. സ്‌നേഹ സമ്പന്നന്‍. ഒരു മന്ദസ്മിതം എപ്പോഴും ചുണ്ടില്‍, ജീവശാസ്ത്രമാണ് അദ്ദേഹത്തിന്റെ വിഷയം.

sameeksha-malabarinews

സയന്‍സ് വിഷയങ്ങള്‍ക്ക് കാര്യമായ പ്രധാനമില്ലാത്തകാലം. പരീക്ഷക്കുവേണ്ടി പേരിനു മാത്രം പഠിപ്പ്. മാത്യു മാസ്റ്ററുടെ ഇഷ്ടവിഷയം പാമ്പുകളായിരുന്നു. അക്കാലത്ത് പാമ്പുകള്‍ ഇടക്കിടെ സ്‌കൂള്‍ ക്ലാസുകളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. നാട്ടില്‍ ആരെങ്കിലും തല്ലിക്കൊല്ലുന്ന പാമ്പുകളെ സംഘടിപ്പിച്ച് ഫോമലിന്‍ ലായനി ഒഴിച്ച് ഗ്ലാസ് ജാറുകളില്‍ സൂക്ഷിച്ചു വെക്കുന്നത് മാത്യു മാസ്റ്ററുടെ പതിവായിരുന്നു. കുട്ടികള്‍ക്ക് അവയെ എടുത്തു കാണാനും വിഷമുള്ളവയും ഇല്ലാത്തവയും തമ്മിലുള്ള വ്യത്യാസം നേരിട്ട് മനസ്സിലാക്കാനും ഇതുമൂലം കഴിഞ്ഞു. വെള്ളിക്കെട്ടനെ ആദ്യമായി കാണുന്നത് അപ്പോഴാണ്. സാധാരണ കാണാറുള്ളത് ‘ഞാനും വെള്ളിക്കെട്ടനാ’ണെന്ന് ഞെളിയുന്ന സാദാ വരയന്‍ പാമ്പുകളാണ്. ഇവക്ക് വിഷമില്ല എന്ന് മാസ്റ്റര്‍ പറഞ്ഞിരുന്നു.

ഒരു മഴക്കാലത്ത് ഒഴുകിവന്ന ഏകദേശം രണ്ടു മീറ്റര്‍ നീളമുള്ള പെരുമ്പാമ്പു കുഞ്ഞിനെ കുട്ടികള്‍ പിടിച്ചു സ്‌കൂളില്‍ കൊണ്ടു വന്നു. മാത്യൂ മാസ്റ്റര്‍അധ്യാപകരില്‍ നിന്നും പണം പരിച്ച് പെരുമ്പാമ്പിന് കൂടുണ്ടാക്കി പാര്‍പ്പിച്ചു. പാമ്പിന് തീറ്റക്ക് എലികളെയും പെരുച്ചാഴികളെയും സംഘടിപ്പിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഹോബിയായി. പെരുമ്പാമ്പിന്റെ കൂട്ടില്‍ ഇട്ടു കൊടുക്കുന്ന എലികളെ അത് പിടിച്ചു വരിഞ്ഞുമുറുക്കി കൊന്നു തിന്നുന്നത് കുട്ടികള്‍ക്ക് ഒരദ്ഭുത കാഴ്ചയായിരുന്നു.

അദ്ദേഹത്തിന്റെ പഠനരീതിയും വളരെ രസകരമായിരുന്നു. ക്ലാസില്‍ കയറി വന്ന് സ്റ്റേജിലെ കസേരയില്‍ ഇരുന്ന് എല്ലാവരേയും വീക്ഷിക്കും. ഒരു ചെറു പുഞ്ചിരിയോടെ പുതിയ വിഷയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പാണ്. എല്ലാവരും നിശബ്ദരാകും. ഒരു കഥയില്‍ ഒരു വിഷയം. തുടങ്ങുന്നത് ഇങ്ങനെ: എന്റെ വീട്ടില്‍ ഒരു പട്ടിയുണ്ടായിരുന്നു. മിടുക്കന്‍, വീട്ടുകാരോട് സ്‌നേഹവും അനുസരണയുമുള്ളവന്‍. അന്യര്‍ വന്നാല്‍ കുറച്ച് ബഹളം. മറ്റു ജീവികളെ ഓടിക്കും. ഒരു ദിവസം അര്‍ദ്ധരാത്രി പട്ടി നിര്‍ത്താതെ കുരക്കുന്നു. കള്ളനാകും എന്നു കരുതി ടോര്‍ച്ചുമായി എല്ലാവരും പുറത്തിറങ്ങി. പട്ടി ഒരു പാമ്പുമായി യുദ്ധത്തിലാണ്. ഒരു വലിയ അണലിയോടാണ് പട്ടി ഏറ്റുമുട്ടുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പട്ടി കടിച്ചുകൊന്നു. പാമ്പിനെ സംസ്‌കരിച്ച് എല്ലാവരും വീട്ടിലേക്ക് തിരിച്ചുകയറാന്‍ നേരം പട്ടി ചെറുതായി ഒന്നു മോങ്ങിക്കരഞ്ഞു. എല്ലാവരും പട്ടിയെ ശ്രദ്ധിച്ചു. അവന്റെ മൂക്കില്‍ നിന്നും മീശരോമങ്ങള്‍ക്കിടയില്‍ നിന്നും രക്തം പെടിഞ്ഞു വരുന്നു. ക്രമേണ കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വന്നും. അവന്റെ മൂത്രത്തിലും മലത്തിലും രക്തം കലര്‍ന്നു. ആ പട്ടി അവിടെ കുഴഞ്ഞ് വീണ് ചത്തു. അപ്പോഴാണ് മനസ്സിലായത് യുദ്ധത്തിനിടയില്‍ അണലിപ്പാമ്പിന്റെ കടി പട്ടിക്ക് കിട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്. അണലിവിഷം ശരീരത്തില്‍ കയറിയാല്‍ രക്തക്കുഴലുകള്‍ പൊട്ടി കടിയേറ്റ ആള്‍ മരിക്കും. ആ പാഠം എല്ലാവര്‍ക്കും ഹൃദിസ്ഥമായി. അണലിയെ കാണുമ്പോള്‍ ആ ക്ലാസ് ഓര്‍മ്മയിലെത്തും. മാത്യു കുന്നങ്കേരി മാസ്റ്ററും.

സ്‌നേഹസമ്പന്നരായ ഭാര്‍ഗവി ടീച്ചര്‍, കൃഷ്ണന്‍ മാഷ്, മാലയാള സാഹിത്യത്തിന്റെ ഉള്ളറകളിലേക്ക് കൈപിടിച്ച കുമാരന്‍ മാസ്റ്റര്‍ അവര്‍ക്കൊക്കെ മുകളിലായി സയന്‍സ് പഠിപ്പിച്ച മാത്യു മാസ്റ്റര്‍ ഓര്‍മ്മിക്കപ്പെടുന്നു. ഇതേ സ്‌കൂളില്‍ ചിത്ര കലാ അധ്യാപകനായി എത്തിയപ്പോഴും മാത്യു മാസ്റ്റര്‍ സൂക്ഷിച്ച പാമ്പുകള്‍ പാമ്പുകള്‍ പറയത്തക്ക കേടു കൂടാതെ സയന്‍സ് ലാബില്‍ ഉണ്ടായിരുന്നു.

1970 ല്‍ മാത്യ മാസ്റ്റര്‍ വിവാഹിതനായി, അമേരിക്കയില്‍ ജോലി തേടിപ്പോയി. ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പിരിഞ്ഞു. പിന്നീട് ഒരിക്കലും കണ്ടില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മധുരച്ചൂരല്‍ പംക്തിയില്‍ പ്രസിദ്ധീകരിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!