Section

malabari-logo-mobile

മുല്ലപെരിയാര്‍ ബലിയാടുകള്‍ അണക്കെട്ട് ഭേദിക്കട്ടെ

HIGHLIGHTS : കേരളം ഒരു ചര്‍ച്ചബാധിത പ്രദേശമായി മാറിയിരിക്കുന്നു. അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ് എന്നാല്‍ ഈ അടുത്തകാലത്ത് അത് ആപല്‍ക്കരമായ അവസ്ഥയിലേക്ക് പോ...


കേരളം ഒരു ചര്‍ച്ചബാധിത പ്രദേശമായി മാറിയിരിക്കുന്നു. അത് പണ്ടുമുതലേ അങ്ങനെ തന്നെയാണ് എന്നാല്‍ ഈ അടുത്തകാലത്ത് അത് ആപല്‍ക്കരമായ അവസ്ഥയിലേക്ക് പോയിട്ടുണ്ട്. ഏതുകാര്യം വന്നാലും ചര്‍ച്ചചെയ്യുക എന്നതുമാത്രമാണ് കേരളീയന്റെ ഹോബി എന്നായിരിക്കുന്നു. ഈ ചര്‍ച്ച ഒരിക്കലും എവിടെയും എത്താന്‍ ഉദ്യേശിക്കുന്നതുമല്ല . മറിച്ച് ഗോവര്‍ദ്ധനന്റെ യാത്രകള്‍പോലെ അനന്തമായിനീളുന്നു. എന്തൊക്കെയായാലും ‘ചത്തടത്തല്ല നിലവിളി’ എന്നുപറഞ്ഞപോലെ മറ്റുവിഷയങ്ങളിലേക്ക് മാറിമാറിപോവുന്ന ദിശാബോധമില്ലാത്ത ഒരു സമൂഹമായി മാറിപോയിരിക്കുന്നു മലയാളി .കേരളത്തിന്റെ സാമ്പ്രദായികമായിട്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനമായിരിക്കാം ഒരുപക്ഷെ ഇതിനുകാരണമായിരിക്കുന്നത് . നമ്മള്‍ എന്തുവിഷയമായാലും, ചര്‍ച്ചചെയ്യുക പിന്നെം ചര്‍ച്ച ചെയ്യുക വിണ്ടും ചര്‍ച്ച ചെയ്യണമോ എന്ന് ചര്‍ച്ചചെയ്യുക വീണ്ടും ചര്‍ച്ചചെയ്തതിനെ കുറിച്ച് ചര്‍ച്ചചെയ്യണമോ എന്നിങ്ങനെ ഒരു ചര്‍ച്ചിതസമൂഹമായി ഗതികെട്ടുപോയി. ഇത് വലിയൊരു വിപത്താണ്.

മുല്ലപ്പൂവിപ്ലവം പോലെ ഒരുപക്ഷെ മുല്ലപെരിയാര്‍ വിപ്ലവവും കേരളത്തില്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ജനങ്ങള്‍ സാമ്പ്രദായികമായ ഒരു രാഷ്ട്രീയ രീതിയില്‍ നിന്നുമാറി പൊതുവായ ഒരു ആവശ്യത്തിനു വേണ്ടി ഇറങ്ങുന്നു വെന്നത് ഇതില്‍ ശുഭോതര്‍ക്കമാണ്. പക്ഷെ, അപ്പോള്‍ പോലും വളരെ ഗൗരവപ്പെട്ട ഒരു കാര്യം ‘മരുവാന്‍ സബീര്‍ ഈശോ,തരുസപള്ളിചെപ്പോട്, അയ്യനടികള്‍ തിരുവടികള്‍’ എഴുതികൊടുത്തു. അതിനകത്തെ പള്ളിക്കു അന്നത്തെ കണക്കുപ്രകാരം കുറച്ച് അടിമകളെകൂടെ കൊടുത്തിട്ടുണ്ടായിരുന്നു. ഇതാണ് കേരളത്തില്‍ നിന്നും ആദ്യം കിട്ടിയ ചെപ്പേട്. ഈ ചെപ്പേടിന്റെ അടിസ്ഥാനത്തില്‍ എനിക്ക് കുറച്ച് അടിമകളെ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്, അത് കാര്യമായിട്ടും നമുക്ക് വാദിക്കാവുന്നതുമാണ്. കാരണം ചെപ്പേടുണ്ടല്ലോ! എന്നുപറയുന്നതുപോലെ നോണ്‍സെന്‍സാണ് 999 വര്‍ഷത്തേക്ക് പണ്ട് നമ്മുടെ തിരുവതാംകൂര്‍ രാജാവ് സായിപ്പുമായിട്ടൊരു കരാര്‍ നടത്തിയൊന്നും ആ കരാറിന്റെ പുറത്ത് ഇപ്പോള്‍ നമ്മള്‍ ജീവിക്കണം എന്നും പറയുന്നത് .

sameeksha-malabarinews

മണ്‍റോ തുരുത്ത് എന്ന് പറയുന്നസ്ഥലം എന്റെ വീടിനടുത്താണ്. സഖാവ് മേഴ്‌സികുട്ടിയമ്മയുടെ വീട് ഈ മണ്‍റോതുരുത്തിലാണ് . ഈ സ്ഥലം തിരുവിതാംകൂര്‍ റാണി മണ്‍റോസായിപ്പിന് കരമൊഴുവാക്കി കൊടുത്ത സ്ഥലമാണ്. അതുകൊണ്ട്,

ഞാനും മേഴ്‌സികുട്ടിയമ്മയും ഒന്നും ഇനി സര്‍ക്കാറിന് കരം കൊടുക്കേണ്ടാ എന്ന് വാദിക്കാം. പക്ഷെ, ഇത്രചെറിയകാര്യത്തിനുപോലും നിയമസാധ്യതയില്ലായെന്ന് ഏതു കുഞ്ഞിനുപോലും അറിയാമെങ്കിലും ഇത്രവലിയൊരു കാര്യത്തിന് പോലും നിയമസാധുത

ഉണ്ട് എന്ന് പറയുന്നത് അസംബന്ധമാണ് എത്രയോ അശസ്ത്രീമാണ്. ഒരു പക്ഷെ ഇവര്‍ പറഞ്ഞുവരുന്നത് കേരളത്തിന് അല്ലെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്യം ഉണ്ടായിട്ടില്ലാ എന്നാണ്. അങ്ങനെയാണെങ്കില്‍ നമ്മള്‍ ഈ മുല്ലപെരിയാര്‍ ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോവേണ്ടി വരും . മന്‍മോഹന്‍ സിങ്ങിനെ കണ്ടിട്ടുകാര്യമില്ല. കാരണം അയാള്‍ക്ക് ഇതുമായിട്ട് ബന്ധമില്ല ,അതുകൊണ്ട് നമുക്ക് ലണ്ടനില്‍ പോയി ചര്‍ച്ചചെയ്യുന്നതായിരിക്കും ഒരു പരിധിവരെ കാര്യങ്ങള്‍ നേരെയാവന്‍ നല്ലതെന്ന് തോന്നുന്നു.

  നാലാളുകള്‍ ഉള്ളിടുത്ത് ഒരാളിന്റെ ജീവന് എന്തെങ്കിലും ആപത്തുണ്ടായാല്‍ ഒരു നാലുപോലീസുകാരെയെങ്കെലും പ്രൊട്ടക്ഷന്‍ അനുവദിക്കാന്‍ നിയമമുണ്ട്. ഈ നാലുപോലീസുകാരെ വെച്ച് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാറിനു ബാദ്ധ്യത ഉണ്ടായിരിക്കെ മുപ്പത് ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കാന്‍ പോവുന്ന ഒരു സ്ഥലത്ത് സര്‍ക്കാരിന് എത്രപോലീസുകരെ വെക്കേണ്ടി വരും? ഈ പോലീസുകാരെല്ലാംകൂടെ പോയി മുല്ലപ്പെരിയാറിന്റെ അടുത്ത് നില്ക്കട്ടെ. അതിന് എണ്ണം തികയുന്നില്ലെങ്കില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സുവരട്ടെ, അതുമല്ലെങ്കില്‍ പ്രകൃതി നിവാരണസേനയും ,പട്ടാളവും വന്ന് ഇവിടെ ഇരിക്കട്ടെ . ഇനി പൊട്ടത്തില്ല എന്നാണ് പുരൈട്ച്ചി തലൈവി പറയുന്നെങ്കില്‍ വളരെ ലളിതമായ ഒരു കാര്യം ജയലളിതയും ഇതുപോലെ അഭിപ്രായം പറയുന്ന തമിഴ്‌നാട്ടിലെയും കേന്ദ്രത്തിലെയും മുഴുവന്‍ മന്ത്രിമാരെയും അണക്കെട്ടിനടുത്തേക്ക് താമസിപ്പിക്കട്ടെ. അതിന് വരുന്ന ചെലവ് സ്റ്റേറ്റ് ഗവണ്‍മെന്റ് സ്‌പോണ്‍സര്‍ചെയ്യട്ടെ. നമുക്ക് എതിര്‍പ്പില്ല.

നമ്മുടെ സമരങ്ങള്‍ തന്നെ ഒരുതരം കോമഡിഷോ ആയി മാറുന്നു. ഒരു അത്യാപത്ത് നടക്കുവാന്‍ പോവുന്നു, അപ്പോള്‍ ഒരോ സംഘം ആളുകള്‍ അവരുടെ ജാത്യഗുണമനുസരിച്ച് ഓരോസമരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നു. ഒരുകൂട്ടം മനുഷ്യച്ചങ്ങല കെട്ടുന്നു വെള്ളത്തിനെ നാണിപ്പിക്കാന്‍! മറ്റൊരു സംഘം ശീര്‍ഷാസനം നടത്തുന്നു. ചിലര്‍ ഉരുളുന്നു. എന്തിനാണ് അണക്കെട്ടിനെ തോല്‍പ്പിക്കാന്‍! ഇങ്ങനെ ലോകത്ത് എവിടെയെങ്കിലും വിചിത്രമായിട്ടുള്ള ഒരു സമരരൂപമുണ്ടാവുമെന്ന് തോന്നുന്നില്ല. സമരങ്ങള്‍ വേണ്ടാഎന്ന അഭിപ്രായമല്ല, സമരങ്ങള്‍ വേണം, ഓരോന്നിനും അതിന്റെ ഗ്രാവിറ്റി അനുസരിച്ചായിരിക്കണം എന്നുമാത്രം. നിങ്ങളുടെ വിരല്‍ മുറിയുന്നതുപോലെയാണ് കഴുത്ത് മുറിയുന്നത് എന്നുവിചാരിക്കരുത് .എല്ലാ സമരങ്ങള്‍ക്കും ഒരേരൂപമല്ല വേണ്ടത് . പിന്നെ നിയമത്തിന്റെ കാര്യം, അത് മനുഷ്യനുവേണ്ടിയുള്ളതാണ്. ഒരു അത്യാപത്ത് വരുമ്പോള്‍ നമുക്ക് നിയമം മറികടക്കേണ്ടിവരും ഉദാഹരണത്തിന് കടലുണ്ടി ദുരന്തം നടക്കുമ്പോള്‍ അവിടുത്തെ സാധാരണക്കാരായ മുക്കുവന്‍മാര്‍ എ.സി. കംമ്പാര്‍ട്ട്‌മെന്റ് അടക്കം വെട്ടിപൊളിച്ചാണ് ആളുകളെ പുറത്തേക്ക് എടുത്ത് രക്ഷപ്പെടുത്തിയത് . ആസമയം റെയില്‍വെ ആണ്…. വെട്ടിപൊളിക്കുന്നത് കുറ്റകരമാണ്… എന്നൊന്നും നോക്കാന്‍ കഴിയില്ല. അപ്പോള്‍ നിയമമെന്ന് പറയുന്നത്, നിയമം അംഗികരിക്കുമ്പോള്‍ തന്നെ ആപല്‍ഘട്ടങ്ങളില്‍ അതിനെ മറികടക്കുകയും വേണം . അങ്ങനെയാണെങ്കില്‍ ഞാന്‍ പറയുന്നത് നിശ്ചയമായിട്ടും ഈ ആപത്തുനടക്കുവാന്‍ പോവുന്ന മുല്ലപെരിയാര്‍ ജനം സ്വമേധയാ നിയമം കയ്യിലെടുക്കണം എന്നാണ് .

എന്തിന് സ്റ്റേറ്റിനെ കുറിച്ചോ ,തമിഴ്‌നാടിനെകുറിച്ചോ , നമ്മള്‍ ആകുലപ്പെടണം . നമ്മള്‍ ആകുലപ്പെടുന്നത് ജോസഫ് മന്ത്രിപറയുന്നതുപോലെ യാണ്. ‘ചിദംബരം വെള്ളകുടിക്കത്തില്ലാഎന്നാണ്’. ചിദംബരം വെള്ളംകുടിക്കാതെയെങ്കിലും ജീവിക്കുമല്ലോഅപ്പോള്‍ ജോസഫ് ജീവിക്കുന്നേയില്ല എന്നയാള്‍ മറന്നുപോവുന്നു! ഇവിടെ ഇത്തരം ബാലിശമായ യുക്തികള്‍ വെക്കാതെ മനുഷ്യമതിലുകെട്ടാന്‍ പോവുന്ന ആളുകള്‍ ചെറിയ മമ്മട്ടികള്‍ എടുത്ത് ഡാമിന്റെ അപ്പുറത്ത് ചെറിയചെറിയചാലുകള്‍ ഉണ്ടാക്കി ഈ ഡാമില്ലാതാക്കുകയാണ് വേണ്ടത് . കാരണം ഈ ഡാമ് കേരളത്തിന് വേണ്ടിയുള്ളതേ അല്ല. ഇത് കേരളത്തിന് ഭീക്ഷണി മാത്രമാണ് .മരിച്ചുകഴിഞ്ഞാല്‍ എത്രപ്രിയപ്പെട്ടതാണെങ്കിലും സ്വന്തം ബാപ്പയാണെങ്കില്‍പോലും നമ്മള്‍ കുഴിച്ചിടും .ഇവിടെ 50വര്‍ഷം കഴിഞ്ഞു. ആയുസ്സും കഴിഞ്ഞു. പിന്നെയും 60 വര്‍ഷം കഴിഞ്ഞു. ഇന്ന് അത് ജഡരൂപമാണ് അതിനെ നമ്മള്‍ നശിപ്പിച്ചുകളയുകയാണ് വേണ്ടത്. അത് ഇല്ലാതാക്കണം കാരണം വേസ്റ്റുകള്‍ ഇല്ലാതാക്കുക എന്നുള്ളതും പരിഹരിക്കുക എന്നുള്ളതും ഗൗരവപ്പെട്ട കാര്യമാണ് . നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തിനോ ,കേന്ദ്രത്തിനോ അത്തരം പദ്ധതികള്‍ ഇല്ലയെന്നുള്ളതാണ്. പുതിയൊരു ദുരന്തം വരാത്തതുകൊണ്ട് മാത്രം മരിക്കാതിരിക്കുന്നവരാണ് ഇവിടെ ജീവിച്ചിരിക്കുന്നവര്‍. ചര്‍ച്ചകള്‍ നടത്തിയെന്നല്ലാതെ എന്തുഗുണം? ഇങ്ങനെ സംഭവിക്കുവാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ അനുവദിച്ചുകൊടുത്തിട്ട് വെറുതേ ചര്‍ച്ചചെയ്യുക മാത്രം ചെയ്യുക എന്നത് ആശാസ്യമായ കാര്യമല്ല.

മുല്ലപെരിയാര്‍ അവിടെ നിന്നും ഒഴിവാക്കേണ്ടതാണ് .ഡാം ഒഴുവാക്കുകയെന്ന് പറയുമ്പോള്‍ തന്നെ ടണ്‍ കണക്കിന് വരുന്ന വേസ്റ്റ് എന്തുചെയ്യണം എന്നുള്ളത് വലിയപ്രശ്‌നമാണ് . എങ്ങനെയാണ് ഇത്രയധികം വെള്ളം കളയുക . പുതിയത് കെട്ടുകയാണെങ്കില്‍തന്നെ അതിന്റെ സുരക്ഷ എത്രമാത്രമുണ്ട് . ഇത് എവിടെ കൊണ്ടുപോയികെട്ടും. കെട്ടാനുദ്ദേശിക്കുന്ന പ്രൊട്ടക്റ്റീവ് വാളിന് എത്രമാത്രം സംരക്ഷണം ഉറപ്പു നല്‍കാനാകും? നമ്മളിപ്പോള്‍ ആവശ്യപ്പെട്ടത് ജലനിരപ്പ് പരമാവധി 120 അടിയാക്കണമെന്നതാണ് ഇതുകൊണ്ടും പ്രശ്‌നം തീരുന്നില്ല. നമ്മുടെ ടെക്‌നീഷ്യന്‍മാര്‍ പറയുന്നത് അണക്കെട്ടിന്റെ ക്യാമറസ്‌കാന്‍ റിപ്പോര്‍ട്ടില്‍ പരമാവധി താഴെവരെ അണകെട്ട് അപകടാവസ്ഥയിലാണ് എന്നാണ്. 120 അടിയാക്കി കുറച്ചാലും അടിഭാഗം ഒലിച്ച് പോയിരിക്കുന്നതിനാല്‍ ഇത് മറിഞ്ഞുവീഴും . മറിഞ്ഞുകഴിഞ്ഞാല്‍ അത് ഏറ്റവും വലിയ ദുരന്തമാവും ഉണ്ടാക്കുക . അതൊരു പരിഹാരമില്ലാത്ത ദുരന്തമാവും . ഇങ്ങനെയൊക്കെയാണെങ്കിലും നമ്മള്‍ ഇപ്പോഴും അത് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നു എന്നതു മാത്രമാണ് സത്യം. ഇനി വേണ്ടത് ആക്ഷന്‍ ആണ് .
ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ തന്നെ സമരമുഖത്തേക്ക് വരികയാവും ഇനിയുണ്ടാവുക. വെറും ചര്‍ച്ചക്കുപകരം വിദഗ്ദാഭിപ്രായം ഉണ്ടാവുകയാണ് വേണ്ടത് .പുതിയഡാം നിര്‍മ്മിക്കുമ്പോള്‍ നിലവാരമുള്ള കമ്പനിയെ ഏല്‍പിക്കുക. ദുരന്തം ഉണ്ടാവുകയാണെങ്കില്‍ അത് തടയുവാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നുള്ളതാണ് പ്രധാന പ്രശ്‌നം .കൊറേപേര്‍ സത്യാഗ്രഹമിരിക്കുന്നു. ചില മന്ത്രിമാര്‍ സത്യാഗ്രഹമിരിക്കാന്‍ ഡല്‍ഹിയില്‍ പോവുകയാണ്, കാരണം അഥവാ ഇത് പൊട്ടിയാല്‍ ഡല്‍ഹിയിലാവുമ്പോള്‍ കൊഴപ്പമില്ലല്ലോ. അങ്ങനെയാണ് നമ്മുടെ മന്ത്രിമാര്‍.

 ചരിത്രം ഫലിതമായി ആവര്‍ത്തിക്കുമെന്ന് മാര്‍ക്‌സ് പറഞ്ഞത് മുല്ലപെരിയാറിനെ കുറിച്ചായിരിക്കാം! നമുക്ക് ഒരു കര്‍മ്മ പദ്ധതിയും ഇല്ലാ എന്നുള്ളതാണ് ഭീതിതമായ കാര്യം . ജോസഫ് മന്ത്രി അത്യാഹ്ലാദത്തോടെയാണ് ആലപ്പുഴയും ,എറണാകുളവും ഒക്കെ ഒലിച്ചുപോവുമെന്ന് പറയുന്നത് . അദ്ദേഹത്തിന്റെ ഉള്ളിലെ ആഹ്ലാദം ഒന്നുകാണേണ്ടതുതന്നെയാണ്. മാത്രമല്ല പ്രധാനമന്ത്രിക്ക് ഇത് മനസ്സിലായിട്ടുണ്ട് എന്നരഹസ്യവിവരവും കിട്ടിയിട്ടുണ്ട്. എന്നല്ലാതെ ഇതുവരെ നടപടിയൊന്നും കണ്ടില്ല. ബോംബെ ഭീകരാമക്രമണത്തില്‍ കേന്ദ്ര ഗവണ്‍മെന്റെ്് കൈകൊണ്ട നമുക്ക് അഭിമാനിക്കാവുന്ന ഒരു ജാഗ്രത ലക്ഷക്കണക്കിനാളുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇവിടെ കാണുന്നില്ല. നാലാളുടെ കാര്യത്തില്‍ അവിടെ കാണിച്ച ജാഗ്രത ലക്ഷകണക്കിനാളുകളുടെ കാര്യത്തില്‍ എന്തുകൊണ്ട് ഇവിടെ കാണുന്നില്ല? അതുകൊണ്ട് ജനങ്ങള്‍ ഈ സമരം ഏറ്റെടുക്കേണ്ടിയിരിക്കുന്നു.
തമിഴ്‌നാടിന് വേണ്ടുന്നത്ര വെള്ളം കൊടുക്കും ,നമ്മള്‍ തന്നെ അണയും കെട്ടും ,അതിന് വേണ്ടി വരുന്നചെലവും വഹിക്കുമെന്നും പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെയെന്തിനാണ് അവരോട് യാചിക്കുന്നത്? സ്വാഭാവികമായി കേരളത്തിലൂടെ ഒഴുകിവരേണ്ടുന്ന വെള്ളമാണത്. കേരളത്തിന്റെ സമ്പത്തില്‍ കാര്യമായ നഷ്ടമാണ് ഇതുണ്ടാക്കുന്നത്. ഈ നഷ്ടം എത്രയോ തലമുറ അനുഭവിച്ചുകഴിഞ്ഞു. എന്നിട്ടിപ്പോള്‍ ഭീഷണികൂടി, അമ്പേ അപമാനകരമാണിത്. ഒരു നാടിന്റെ സംസ്‌കാരത്തെയും ,സമ്പത്തിനേയും ഒഴുക്കികളയുന്നതാണ് സംഭവിക്കാന്‍ പോകുന്നത് .അണപൊട്ടി എല്ലാം ഒഴുകിപോയശേഷം പരശുരാമനെ കൊണ്ടുവന്ന് മഴുഎറിയിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്! പക്ഷെ നമുക്ക് അങ്ങനെ വിചാരിക്കാന്‍ പറ്റില്ലല്ലോ?

ഇത് മലയാളികളുടെ ജീവന്‍മരണപോരാട്ടത്തിന്റെയും അഭിമാനത്തിന്റേയും പ്രശ്‌നമാണ് .ഒരു പക്ഷെ ഇന്ത്യന്‍ ഫെഡറല്‍ സിസ്റ്റത്തില്‍ തന്നെ ഗൗരവമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന സമരങ്ങള്‍ ഉയര്‍ത്തുവാന്‍ കഴിയുന്നഒരവസരവുമാണ്. അത് ജനകീയമായ സമര രാഷ്ട്രീയ ബോധ്യമുള്ള ഒരു പ്രസ്ഥാനം രൂപീകരിക്കുവാന്‍ പോലും ഇടയാവും.

ചരിത്രം ഒരു ദുരന്തമാവരുതെന്നും .ചരിത്രം തിരുത്താനുള്ളതും ,മുന്നറിയിപ്പുകള്‍ സ്വീകരിക്കാനുള്ളതുമാണെന്നും തിരിച്ചറിയേണ്ടതാണ, മുന്നറിയിപ്പുകള്‍ കണ്ടില്ലഎന്നു നടിക്കുന്നതും നല്ലതല്ല. ഈ മുന്നറിയിപ്പുകള്‍ക്കിടയിലും  തല്ലിപൊളി സിനിമയുണ്ടാക്കി ആ സെന്റിമെന്റന്‍സുകൂടി വിറ്റ് കാശാക്കുന്ന മലയാളിയുടെ ലജ്ജാകരമായ ആര്‍ത്തി, ഇത് കഷ്ടമാണ.് ജാതകദോഷം കൊണ്ടാണ് ഡാം പൊട്ടാന്‍ നില്‍ക്കുന്നത് എന്നതാണ് ഈ സിനിമ പറയുന്നത്. ഒരു ജനത മുഴുവന്‍ ഒരു നിലവിളികൊണ്ട് പോലും പ്രതികരിക്കാന്‍ കഴിയാതെ മരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അവരുരെ കൂടെ നില്‍ക്കേണ്ട കലാകാരന്‍ വളരെ പ്രാകൃതമായ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്നഗതികേടിലാണ് ഇവിടുത്തെ കലാലോകം പോലും. ഒരു ചര്‍ച്ചബാധിതപ്രദേശത്തിന്റെ എല്ലാതരത്തിലുള്ള ദുരന്തവുമാണ് നമ്മുടെ ചുറ്റം അരങ്ങേറികൊണ്ടിരിക്കുന്ന ഈ അസംബന്ധ നാടകം. ഇത് എങ്ങിനെങ്കിലു പരിഹരിക്കണമെങ്കില്‍ ഏറ്റവും പക്ഷപാതമില്ലാത്ത, മുന്‍വിധിയില്ലാത്ത മരണത്തിനുമുമ്പില്‍ നില്‍ക്കുന്ന ജനത, ബലിയാടുകള്‍ ബലിസിംഹങ്ങളല്ല. ഈ ആടുകള്‍ കയറിമേയുക, ഡാം പൊളിക്കുക വേറെ മാര്‍ഗ്ഗമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!