Section

malabari-logo-mobile

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു

HIGHLIGHTS : ദോഹ: പുതുതായി പിറന്ന കുഞ്ഞുങ്ങളുടേയും അവരുടെ മാതാക്കളുടേയും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന...

doha-newദോഹ: പുതുതായി പിറന്ന കുഞ്ഞുങ്ങളുടേയും അവരുടെ മാതാക്കളുടേയും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു. അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യ സംരക്ഷണത്തിന് പ്രാഥമികമായി എന്തൊക്കെ ചെയ്യാനാവുമെന്ന് നടത്തിയ പഠനത്തിലാണ് വീടുകള്‍ സന്ദര്‍ശിക്കാനുള്ള ശിപാര്‍ശയുണ്ടായതെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രാദേശിക പത്രം അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു.
2015 ആകുമ്പോഴേക്കും ഖത്തറില്‍ 27,476 പ്രസവങ്ങള്‍ നടക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതില്‍ കൂടുതലും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും അല്‍ ഖോര്‍ ആശുപത്രിയിലുമായാണ് നടക്കുക. 2013- 18 പദ്ധതി പ്രകാരം പ്രസവത്തിന് മുമ്പും ശേഷവും അമ്മമാര്‍ക്ക് മികച്ച സേവനങ്ങള്‍ ഒരുക്കാനുള്ള കോര്‍പറേഷന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. പ്രസവ സംബന്ധമായ ശുശ്രൂഷകള്‍ ഖത്തറില്‍ ഏറെ സുരക്ഷിതമാണെന്നാണ് പഠനം തെളിയിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേതു പോലെ കേവലം 0.01 ശതമാനം മാത്രമാണ് ഖത്തറില്‍ പ്രസവ സംബന്ധമായ മരണങ്ങള്‍ നടക്കുന്നത്.
ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ 51.9 ശതമാനം പേരും തങ്ങള്‍ ഗര്‍ഭിണികളാണെന്ന് തിരിച്ചറിയുന്നത് ആദ്യത്തെ മൂന്ന് മാസത്തിന് ശേഷമാണെന്ന് പഠനം പറയുന്നു. അതുകൊണ്ടുതന്നെ ഗര്‍ഭധാരണം നേരത്തെ തിരിച്ചറിയുന്നതിനെ കുറിച്ച് ബോധവത്ക്കരണം നടത്തുന്ന കാര്യത്തിലും കോര്‍പറേഷന്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗര്‍ഭധാരണ കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ മാര്‍ഗ്ഗങ്ങളെ കുറിച്ചും ജീവിത രീതികളിലെ വ്യത്യാസങ്ങളെ കുറിച്ചും വൈകിയറിയുന്ന ഗര്‍ഭധാരണം ചെറിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും പഠനം ശിപാര്‍ശ ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മാസത്തില്‍ രണ്ടു തവണ ആരോഗ്യ കേന്ദ്രങ്ങളോ ന്യൂട്രീഷ്യന്‍ ക്ലിനിക്കുകളോ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാനും ആരോഗ്യ കേന്ദ്രങ്ങള്‍ മാതാക്കളോട് ആവശ്യപ്പെടുന്നു. മുലയൂട്ടല്‍ ഖത്തറില്‍ വളരെ കുറവാണെന്നാണ് പഠനത്തില്‍ മനസ്സിലായത്. ആദ്യത്തെ ആറു മാസമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
വീടുകളില്‍ സന്ദര്‍ശിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ ആറു ആഴ്ചകള്‍ കൂടുമ്പോഴെങ്കിലും ആരോഗ്യ പരിശോധനകള്‍ നടത്താന്‍ പ്രസവിച്ചവരെ ഓര്‍മപ്പെടുത്തും. സിസേറിയന്‍ ഓപറേഷന്‍ വഴി കുഞ്ഞുങ്ങളെ പുറത്തെടുത്ത അമ്മമാരെയാണ് ഈ കാര്യത്തില്‍ പ്രത്യേകം പരിഗണിക്കുന്നത്. സാധാരണ പ്രസവം നിര്‍വഹിച്ച മാതാക്കളും കുഞ്ഞുങ്ങളും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന കാര്യവും ആരോഗ്യ പ്രവര്‍ത്തകര്‍ തിട്ടപ്പെടുത്തും. അമ്മമാര്‍ക്ക് എന്തെങ്കിലും ആരോഗ്യ- മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നും സന്ദര്‍ശനത്തില്‍ വിലയിരുത്തും.
ഗര്‍ഭിണികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ക്ലാസുകള്‍ നല്കണമെന്നും പഠനം ആവശ്യപ്പെടുന്നു. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ ഇടപെടലുകളാണ് ക്ലാസുകള്‍കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!