Section

malabari-logo-mobile

ഡോ. സുബൈര്‍ മേടമ്മല്‍ ഖത്തറിലെത്തി

HIGHLIGHTS : ദോഹ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഫാല്‍ക്കണ്‍ പഠനത്തിലൂടെ പ്രശസ്തനുമായ ഡോ. സുബൈര്‍ മേടമ്മല്‍ ഖത്തറിലെത്തി. ഫാല്‍ക്കണുകളെ കുറിച്ച് ഗവേഷണത്തിന് ഡോ...

Dr Zubair Medammal with falcon1.ദോഹ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഫാല്‍ക്കണ്‍ പഠനത്തിലൂടെ പ്രശസ്തനുമായ ഡോ. സുബൈര്‍ മേടമ്മല്‍ ഖത്തറിലെത്തി. ഫാല്‍ക്കണുകളെ കുറിച്ച് ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനും കാലിക്കറ്റ് വാഴ്‌സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി പഠന വിഭാഗം പി ജി പഠന ബോര്‍ഡ് അംഗവുമാണ് ഡോ. സുബൈര്‍ മേടമ്മില്‍.
പ്രാപ്പിടിയന്‍ (ഫാല്‍ക്കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിന്റെ രീതിയേയും കുറിച്ച് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജി സി സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി, ഇംഗ്ലീഷ്,  മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. സുബൈര്‍ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്. ഫാല്‍ക്കണ്‍ പക്ഷി ഇനങ്ങള്‍, അവയുടെ ജീവിത ചക്രം, ഇര പിടിക്കല്‍, മനുഷ്യനുമായുള്ള ചങ്ങാത്തം തുടങ്ങി സമഗ്ര സ്വഭാവത്തിലുള്ള ഡോക്യുമെന്ററി തയ്യാറാക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോ. സൂബൈര്‍ ഖത്തര്‍ എംബസിയില്‍ ചര്‍ച്ച നടത്തി. ഖത്തര്‍ ഫാല്‍ക്കണ്‍ സെന്റര്‍, ഫാല്‍ക്കണ്‍ ക്ലിനിക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ഫാല്‍ക്കണിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ച യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഡോക്യുമെന്ററി ചിത്രീകരിക്കും. ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അക്ബര്‍ ട്രാവല്‍സാണ് പ്രാഥമിക പങ്കാളി. അറബ് സംസ്‌കാരത്തിലും ചരിത്രത്തിലും താത്പര്യമുള്ള വ്യവസായ സംരംഭകരെ സ്‌പോണ്‍സര്‍മാരാക്കാന്‍ താത്പര്യമുണ്ടെന്ന് ഡോ. സുബൈര്‍ പറഞ്ഞു. വര്‍ഷം തോറും യു എ ഇയില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിംഗ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം.
അബൂദബി ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയായ ഡോ. സുബൈറിന് ലണ്ടന്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്‌സണാലിറ്റിക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹം അടുത്തിടെ ചൈനയിലെ നാന്‍ജിങ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോ സെന്ററില്‍ ‘ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലനവും’ എന്ന വിഷയത്തിലുള്ള ലോക പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആറ് വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണ പഠനാര്‍ഥം ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങള്‍ ഡോ. സുബൈര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫാല്‍ക്കണുകളുടെ ആവാസകേന്ദ്രം തേടി ഇന്ത്യാ- പാക്ക് അതിര്‍ത്തിയിലായിരുന്ന ഡോ. സുബൈര്‍ കഴിഞ്ഞയാഴ്ച്ചയാണ് നാട്ടില്‍ തിരികെയെത്തിയത്.
ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയായ സുബൈര്‍ ഫാല്‍ക്കണുകളുടെ 15തരം വ്യത്യസ്ത ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാമാക്കിയ ഏക ശാസ്ത്രജ്ഞനാണ്.
2012 ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പനവെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഡോ. സുബൈറായിരുന്നു. ഇദ്ദേഹം നടത്തിയ വിദഗ്ദ പരിശോധനയിലാണ്  പക്ഷി ഇടിച്ചല്ല എയര്‍ ഇന്ത്യയുടെ എന്‍ജിന്‍ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡോ. സുബൈറിന്റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ പ്രൊജക്ട് പ്രൊപ്പോസല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാലിക്കറ്റ് എയര്‍പോര്‍ട്ട്  അഥോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. വിമാനം ഉയരുകയും താഴുകയും ചെയ്യുന്ന സമയങ്ങളില്‍ അപകട ഭീഷണി നേരിടുന്ന സ്ഥലത്ത് ഫാല്‍ക്കണുകളെ വിട്ട് ജീവികളെ തുരത്തുന്ന പദ്ധതി യു കെ, യു എസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കിയ സാഹചര്യത്തിലാണ് രാജ്യം ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡോ. സുബൈര്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ടിലാണ് ഫാല്‍ക്കണ്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ വേട്ടക്കുപയോഗിക്കുന്ന ഫാല്‍ക്കണ്‍ പക്ഷികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് വിമാനത്താവളങ്ങളില്‍ ഇവയെ ഉപയോഗിക്കുന്നത്. പക്ഷികളുടെയും ജന്തുക്കളുടെയും ഭീഷണി നേരിടുന്ന രാജ്യത്തെ 10 എയര്‍പോര്‍ട്ടുകളില്‍ ഫാല്‍ക്കണ്‍ പ്രൊജക്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച് ഡോ. സുബൈര്‍ കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതരുമായും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നതരുമായും ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ദല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി പി റാം, കേന്ദ്ര വ്യോമയാന സുരക്ഷാ ഡയറക്ടര്‍മാരായ ലളിത് ഗുപ്ത, മനീഷ് കുമാര്‍ തുടങ്ങിയവരുമായിട്ടായിരുന്നു ചര്‍ച്ച.
ഫാല്‍ക്കണ്‍ പദ്ധതിയെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രവ്യോമയാന മന്ത്രാലയ വകുപ്പ് അധികൃതര്‍, എയര്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റു വിമാനസര്‍വ്വീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് വിശദമായ ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും പദ്ധതി ഉടന്‍ കരിപ്പൂരില്‍ നടപ്പിലാക്കാനുള്ള നടപടികളെടുക്കുമെന്നും അധികൃതര്‍ ഡോ. സുബൈറിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
തിരൂര്‍ വാണിയന്നൂര്‍ മേടമ്മല്‍ കുഞ്ഞൈദ്രു ഹാജിയുടെയും കെ വി  ഫാത്തിമയുടെയും മകനായ സുബൈറിന്റെ ഭാര്യ സജിത വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു അധ്യാപികയാണ്. ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സുബൈര്‍ എന്നിവര്‍ മക്കളാണ്. ഖത്തറിലുള്ള ഡോ. സുബൈറുമായി 55653892 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സുബൈറിന്റെ www.falconpedia.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!