Section

malabari-logo-mobile

പരിസ്ഥിതിയെ തകര്‍ക്കുന്ന വികസനങ്ങളെ കുറിച്ചുള്ള ഇന്ത്യന്‍ ഡോക്ടറുടെ പ്രബന്ധം ശ്രദ്ധേയമായി

HIGHLIGHTS : ജൈവവൈവിദ്ധ്യവും പരിസ്ഥിതി സന്തുലനവും എന്ന വിഷയത്തില്‍

ജൈവവൈവിദ്ധ്യവും പരിസ്ഥിതി സന്തുലനവും എന്ന വിഷയത്തില്‍ ഏപ്രില്‍ 25 മുതല്‍ 27 വരെ ചൈന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഒരു ത്രിദിന കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നായി 80 വിദഗ്ദരെ പ്രബന്ധാവതരണത്തിനായി ഗവണ്‍മെന്റ് ക്ഷണിക്കുകയുണ്ടായി. അമേരിക്ക, പോളണ്ട്, ജര്‍മ്മനി, ലണ്ടന്‍, ആസ്‌ട്രേലിയ, സ്‌പെയിന്‍, സ്വീഡന്‍, കൊറിയ, ന്യൂസിലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരാണ് ഈ ലോകപരിസ്ഥിതി കോണ്‍ഫറന്‍സില്‍് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്.

ഭക്ഷ്യസുരക്ഷക്കായുള്ള ജൈവവൈവിദ്ധ്യസംരക്ഷണത്തില്‍ നാട്ടറിവ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി പഠനവിഭാഗം സ്‌പെഷല്‍ ഓഫീസറുമായ ഡോ. സുബൈര്‍ മേടമ്മല്‍ ആണ് ഇന്ത്യയില്‍നിന്നുള്ള ഏകപ്രതിനിധിയായി പ്രബന്ധം അവതരിപ്പിച്ചത്.

sameeksha-malabarinews

റോഡ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമൂലം ഭൂഗര്‍ഭജലസ്രോതസ്സുകളും കാവുകളും നശിപ്പിക്കപ്പെടുന്നതിന്റെ വിപത്തുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രബന്ധം. ഔഷധസസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിക്കുന്നതുവരെയുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ ഒരു വീണ്ടുവിചാരം ആവശ്യമാണെന്ന പ്രബന്ധാവതാരകന്റെ നിഗമനം വിദേശരാഷ്ട്രപ്രതിനിധികള്‍ വളരെയധികം ശ്രദ്ധയോടെ ഉള്‍ക്കൊണ്ടു. തുടര്‍ന്നുനടന്ന ആശയവിനിമയത്തില്‍ ഇതുസംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഡോ. സുബൈര്‍ മേടമ്മല്‍ നല്കിയ മറുപടിയില്‍ അവര്‍ വലിയ മതിപ്പുരേഖപ്പെടുത്തി. മലബാറിലെ കാവുകള്‍ സന്ദര്‍ശിച്ച് ജൈവവൈവിധ്യപ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കുവാന്‍ അവര്‍ താല്പര്യം കാണിച്ചു. അമേരിക്കയിലും സമാനമായ സ്ഥലങ്ങളുണ്ടെന്നും എന്നാല്‍ ഇന്ത്യയിലേതുപോലെയുള്ള പാരമ്പര്യവിശ്വാസ പശ്ചാത്തലം അവര്‍ക്കില്ലെന്നും അതിനാല്‍ ഇന്ത്യയില്‍നിന്നും ഏറെ പഠിക്കാനുണ്ടെന്നും ഫ്രാന്‍സിലെ എവ്‌റി യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം തലവന്‍ ഡോ. എല്‍. ബാക്‌റി അഭിപ്രായപ്പെട്ടു.

ഇത്തരം കാവുകളില്‍ വളരുന്ന ഔഷധസസ്യങ്ങള്‍ നേരിട്ടുകണ്ടുമനസ്സിലാക്കുവാനും കോട്ടക്കല്‍ ആര്യവൈദ്യശാലയെകുറിച്ച് ആധികാരികമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ലണ്ടനിലെ ഡി മോന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതിപഠനവിഭാഗം പ്രൊഫസറായ ഡോ. ജിന്‍സോംഗ് ഷെന്‍ വൈകാതെ കേരളം സന്ദര്‍ശിക്കുമെന്ന് ഡോ. സുബൈറിനോട് പറഞ്ഞു. ഒരാഴ്ച നീണ്ടുനിന്ന ചൈനപര്യടനം കഴിഞ്ഞ് ഡോ. സുബൈര്‍ മേടമ്മല്‍ ഇന്നലെ തിരിച്ചെത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!