പരപ്പനങ്ങാടിയില്‍ സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററിന് സര്‍ക്കാര്‍ അനുമതി

പരപ്പനങ്ങാടി: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ മേഖലയില്‍ പരപ്പനങ്ങാടിയില്‍ സെപെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു.

 

ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ ചെട്ടിപ്പടി (പരപ്പനങ്ങാടി) യിലാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. സ്ഥാപനം തുടങ്ങുന്നതിനുള്ള പ്രാഥമിക ചിലവുകള്‍ക്കായി 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള അധ്യാപക പരീശീലന കോഴ്‌സാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ‘ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍’ എന്ന ഈ കോഴ്‌സിന് ഒരു വര്‍ഷം 25 പേര്‍ക്കാണ് പ്രവേശനം നല്‍കുക. അടുത്ത അധ്യായന വര്‍ഷം ജൂണില്‍ ക്ലാസുകള്‍ ആരംഭിക്കും.

 

സ്ഥാപനത്തിന് ആവശ്യമായ ഹോസ്റ്റലും മറ്റ് കെട്ടിടങ്ങളും സര്‍ക്കാര്‍ തന്നെ നിര്‍മ്മിച്ച് നല്‍കും. പരപ്പനങ്ങാടിയിലെ സ്ഥാപനത്തോടൊപ്പം കാസര്‍കോട്ടും ഇത്തരമൊരു ട്രെയിനിംഗ് സെന്റര്‍ അനുവദിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോള്‍ തിരുവനന്തപുരത്തുമാത്രമാണ് ഇത്തരമൊരു സ്ഥാപനമുള്ളത്.

Share news
error: Content is protected !!
Scroll to Top