Section

malabari-logo-mobile

ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം, കേരളം ഇന്ന് ബൂത്തിലേക്ക്

HIGHLIGHTS : Second phase of Lok Sabha elections, Kerala goes to booth today

കൊച്ചി: പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് ഇന്ന്. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിലാണ് സംസ്ഥാനം. വോട്ടര്‍മാരെ ഒപ്പം നിര്‍ത്താനുളള അവസാനവട്ട വോട്ടോട്ടത്തിലായിരുന്നു നിശബ്ദ പ്രചാരണത്തിന്റെ ദിവസവും സ്ഥാനാര്‍ത്ഥികളും മുന്നണികളും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ സംവിധാനങ്ങളെല്ലാം പൂര്‍ത്തിയായെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെ. അഞ്ച് ലക്ഷത്തോളം പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണയും വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ടിങിനെത്തുമെന്ന് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നു.

sameeksha-malabarinews

കേരളത്തിനൊപ്പം കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 8 വീതം, മധ്യപ്രദേശില്‍ 6, ബിഹാറിലും അസമിലും 5 വീതം, ചത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും മൂന്ന് വീതം, ത്രിപുര, ജമ്മുകാശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള്‍ വീതവുമാണ് രണ്ടാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തുന്നത്. 1206 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.

2019 ല്‍ 88 സീറ്റുകളില്‍ 62 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നു. ഭൂരിഭാഗം മണ്ഡലങ്ങളും തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് പാര്‍ട്ടികളും. നിശബ്ദ പ്രചാരണത്തിലും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഒന്നാം ഘട്ടത്തിന് സമാനമായി രണ്ടാം ഘട്ടത്തിലും പോളിംഗ് കുറയുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നതോടെ 189 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും.

നാല്‍പ്പത് ദിവസം നീണ്ട പ്രചാരണം ആവേശത്തോടെ അവസാനിപ്പിച്ച ശേഷം, അവസാന അടിയൊഴുക്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിശബ്ദ പ്രചാരണത്തിലായിരുന്നു സ്ഥാനാര്‍ഥികളും മുന്നണികളും. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫിന്റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യം ബിജെപിക്കുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!