Section

malabari-logo-mobile

നാടകം നെഞ്ചേറ്റി ഒരു ഗ്രാമം ഉറങ്ങാതിരിക്കുന്നു

HIGHLIGHTS : താനൂര്‍: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്

താനൂര്‍: കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകര്‍ന്ന നാടകവും ഗ്രാമീണ കലകളും അപ്രത്യക്ഷമാകുന്നുവെന്ന മുറവിളികള്‍ക്കിടെ കെ പുരം ഗ്രാമം ഉറങ്ങാതിരിക്കുന്നു… രംഗവേദിയുടെ നിരന്തരമായ സംവാദത്തോട് ഐക്യപ്പെട്ടാണ് വമ്പിച്ച ജനപങ്കാളിത്തത്തോടെ നാടകോത്സവം നടക്കുന്നത്. വി ആര്‍ നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ 65-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ നാടകോത്സവം ഇന്ന് സമാപിക്കും. 1980കളില്‍ കെ പുരത്ത് സജീവമായ നാടക പ്രവര്‍ത്തകരും പുതിയ തലമുറക്കൊപ്പം കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നത് കെ പുരം ഗ്രാമത്തിന് പുതിയ ഉണര്‍വ്വിന് സാഹചര്യമൊരുക്കിയിരിക്കുകയാണ്.

ആറ് താലൂക്കുകളില്‍ നിന്നുള്ള നാടകങ്ങളാണ് വേദിയില്‍ അരങ്ങേറുന്നത്. ആദ്യ ദിനത്തില്‍ അരങ്ങേറിയത് പൊന്നാനി താലൂക്കില്‍ നിന്നുള്ള വട്ടംകുളം ഗ്രാമീണ വായനശാലയുടെ ഞങ്ങള്‍ ഓര്‍ക്കാം നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന നാടകമാണ്. കാലിക പ്രാധാന്യമുള്ള വിഷയമായിരുന്നെങ്കിലും ആസൂത്രണത്തിലെ അപാകത പഴികള്‍ ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരന്റെ മകള്‍ എന്ന കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ക്ലവര്‍ റാണി എന്ന നാടകം സവിശേഷമായ ഇടപെടലിലൂടെ പ്രേക്ഷകന്റെ മനം കവര്‍ന്നു. നടനവൈഭവവും വേഷപ്പകര്‍ച്ചയും കൊണ്ട് ശ്രദ്ധിക്കപ്പെട്ട നാടകം ഹര്‍ഷാരവത്താല്‍ തുടക്കവും ഒടുക്കവും സ്വീകരിക്കപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴും.

sameeksha-malabarinews

നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷമായി നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ ഗ്രന്ഥാലയം സംഘാടകര്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. അതിന്റെ ഭാഗമായി കെ പുരം നേതൃദാന ഗ്രാമമായി മാറുന്നതിലും സംഘാടകര്‍ നിര്‍ണായക പങ്കുവഹിച്ചു. ദേവധാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ജില്ലാ നാടകോത്സവം പ്രശസ്ത നാടകതാരം നിലമ്പൂര്‍ ആയിശ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സുലൈഖ അധ്യക്ഷത വഹിച്ചു. ഇ ജയന്‍, പി എസ് സഹദേവന്‍, കിഴാറ്റൂര്‍ അനിയന്‍, കെ വി തങ്കം, ടി അനില്‍, ടി എന്‍ ശിവശങ്കരന്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!