ദോഹ: 2022 ലെ ലോക കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യമരുളുന്നതിന്റെ ഭാഗമായി ഖത്തര്‍ ഒരുക്കങ്ങള്‍ തകൃതിയാക്കി. ലോക കപ്പിന് മുന്നോടിയായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ 200 ബില്ല്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 140 ബില്ല്യണ്‍ ഡോളര്‍ ഗതാഗതമുള്‍പ്പെടെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുക.
മെട്രോ റെയില്‍ പാതകള്‍ക്കും നിരവധി റോഡുകള്‍ക്കും പുറമെ ഒരു വിമാനത്താവളവും ഇതിലുള്‍പ്പെടും. ഒരു മാസം നീളുന്ന ലോകകപ്പ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ വിവിധ രാജ്യക്കാരായ നാല് ലക്ഷം പേര് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിനോടൊപ്പം രാജ്യത്തെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കാനുള്ള പദ്ധതികളും ഖത്തറിനുണ്ട്. ഇതിനായി 20 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. 2022 ഓടെ പ്രതിവര്‍ഷം 3.7 ദശലക്ഷം വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നും ഖത്തര്‍ പ്രതീക്ഷിക്കുന്നു. ലോക കപ്പിനായി ആറു പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാനും നിലവിലുള്ള രണ്ടെണ്ണം മോടി പിടിപ്പിക്കാനുമാണ് ഖത്തര്‍ ഒരുങ്ങുന്നത്.
ജൂണ്‍ മാസത്തില്‍ 40 ഡിഗ്രിയിലേറെ ചുടുണ്ടാവാറുള്ള ഖത്തര്‍ സ്റ്റേഡിയങ്ങള്‍ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്
2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തര്‍ 2022 ാം മാണ്ടിലെ ലോക കപ്പിന് അതിഥ്യമരുളാന്‍ യോഗ്യത നേടിയത്.




