
കോഴിക്കോട്: ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് സ്വദേശി വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം നാളാണ് യുവാവിനെ കണ്ടെത്തുന്നത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നും വിഷ്ണു തന്‍റെ സഹോദരൻ അദ്വൈദിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വീട്ടിലേക്ക് വരാന്‍ തല്‍ക്കാലം താല്‍പ്പര്യപ്പെടുന്നില്ലെന്നും വിഷ്ണു അറിയിച്ചു. . എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുടർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. ഇയാൾക്കായി ബെംഗളൂരുവിലും, മംഗലാപുരത്തും വിവിധ സംഘങ്ങളായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ കാണാതായത്. 65000 രൂപ ലോണെടുത്തിരുന്നുവെന്നും തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ആയെന്നും ആണ് വിഷ്ണു സഹോദരങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്.
പതിനായിരം രൂപയാണ് 25കാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ, മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ലോൺ ആപ്പ് മാഫിയാ സംഘത്തിലുള്ളവർ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്.
വിഷ്ണുവിനെ കണ്ടെത്തിയ വിവരം കുടുംബാംഗങ്ങൾ തന്നെ പൊലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. യുവാവിനെ ഉടൻ വടകര പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിഷ്ണു നാട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി പൊലീസ് വിഷ്ണുവില്‍ നിന്നും മൊഴിയെടുക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




