Section

malabari-logo-mobile

ആല്‍മരം

HIGHLIGHTS : പ്രകൃതിയുടെ പ്രക്ഷുബ്ധമായ വരവുണ്ട് ഇന്നു രാത്രി. ഈ കാണുന്ന നൃത്ത ചുവടുകളുടെ

സി.കേശവനുണ്ണി. പരപ്പനങ്ങാടി.

 

 

പ്രകൃതിയുടെ പ്രക്ഷുബ്ധമായ വരവുണ്ട് ഇന്നു രാത്രി. ഈ കാണുന്ന നൃത്ത ചുവടുകളുടെ ലാസ്യത്തില്‍ നിന്നും സംഹാര താണ്ഡവത്തിന്റെ ഭയാനകതയിലേക്ക് അവള്‍ മൂര്‍ച്ചപ്പെടുമ്പോള്‍ നീ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. മഴയും കാറ്റുമില്ല ദ്രവിച്ചു കിടക്കുന്ന എന്റെ വേരുകള്‍ക്ക് ബലമായിരിക്കുന്ന മണ്ണ് ഒലിച്ചിറങ്ങുന്നതിനെയാണ് ഞാന്‍ ഭയപ്പെടുന്നത്. തോറ്റുപോയെന്ന അപഖ്യാതി ഒഴിവാക്കാന്‍ പ്രകൃതി അതിന്റെ സാധാരണ ശ്വാസഗതിയിലേക്ക് മടങ്ങി വരും വരെ നീ എനിക്ക് കൂട്ടായി നില്‍ക്കണം.

sameeksha-malabarinews

ആല്‍മരം കടപുഴകി വീഴുകയായിരുന്നു.

വീശിയടിച്ച കാറ്റിലും കനത്ത മഴയിലും നാടു വിറങ്ങലിച്ചുപോയ കാളരാത്രിക്കു ശേഷം നന്നേ പുലര്‍ച്ചെ രണ്ടാല്‍മരങ്ങളിലൊന്ന് കുളക്കടവിലേക്ക് ശിഖിരങ്ങള്‍ നീട്ടി നിലം പതിക്കുകയായിരുന്നു.

ശൂന്യതയില്‍ ആകാശത്തിന്റെ വലിയൊരു കീറു പ്രത്യക്ഷപ്പെട്ടു.

നമ്മള്‍ വടവൃക്ഷങ്ങളാണ്. ആകാശ കാഴ്ചകളെ മറയ്ക്കുന്ന വൃക്ഷ രാജാക്കള്‍. വീഴുന്നതിനു മുമ്പുള്ള അല്പ നിമിഷങ്ങളില്‍ ആല്‍മരം ആത്മഗതം കൊണ്ടു.

അങ്ങനെയല്ല മറ്റെ ആല്‍മരം ചരിത്രത്തില്‍ നിമഗ്നനായി. നമ്മള്‍ വഴിമുടക്കികളായിരുന്നു. ഒതുക്കമില്ലാതെ പോയ അസുരവളര്‍ച്ചയെ പോലെ വളര്‍ന്നു പന്തലിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. കാട്ടിലും നാട്ടിലും വലിയ പ്രതിബന്ധങ്ങളായി ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ വിഘ്‌നങ്ങളെ അരിഞ്ഞുവീഴ്ത്തിയും വെട്ടിമാറ്റിയും മുന്നോട്ടു ഗമിച്ച മനുഷ്യപ്രയാണത്തിനു മുന്നില്‍ എല്ലാം അവസാനിക്കേണ്ടതായിരുന്നു. ആരുടെയൊക്കെയൊ കാരുണ്യങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ ആദ്യബോധോദയങ്ങള്‍ നമ്മള്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. വിശ്വാസത്തിന്റെ ആണികളാല്‍ തറയ്ക്കപ്പെട്ട് സംരക്ഷിക്കപ്പെടുകയായിരുന്നു.

ശ്വാസഗതിയുടെ തടസ്സങ്ങളില്‍ കുരുങ്ങി ആല്‍മരം അശ്രദ്ധനായി നിശബ്ദതയുടെ ചെറുവിനാഴികയില്‍ ആല്‍മരങ്ങള്‍ ദുഖിതരായി.

പാരസ്പര്യത്തിന്റെ അവസാന രാത്രിയാണ് അറുതിയില്ലാത്ത ആവര്‍ത്തനങ്ങളില്‍ ഖേദിച്ചതൊക്കെയും വെറുതെ. ജന്മാന്തരങ്ങളായി വഴിയമ്പലങ്ങളുടെ ഭ്രമണപഥങ്ങളിലെ സുകൃതങ്ങളായി വാഴ്ത്തപ്പെട്ടിട്ടും പതനം ഹതാശമായ നിലവിളിയില്‍ തന്നെ ഒതുക്കേണ്ടി വരുന്നല്ലൊ!

വൃക്ഷത്തലപ്പുകള്‍ക്ക് കാറ്റുപിടിക്കുന്നുണ്ടായിരുന്നു ദീപാരാധനയുടെ സമയമാണ്.

ആല്‍ത്തറകള്‍ ശൂന്യമായി ശാന്തിയില്‍ ആര്‍ദ്രമാവുന്ന മനസ്സുകള്‍…ആല്‍മരം ശ്രദ്ധാലുവായി. അര്‍പ്പണമോ ആഹൂതിയൊ അതോ വിലാപമോ വിശ്രാന്തിയോ.

ഇരുളു വീഴുന്ന കാഴ്ചയില്‍ ദീപങ്ങളുടെ നിറകാഴ്ച മഞ്ഞ കടലിന്റെ അലകളായി. പ്രകമ്പം കുറഞ്ഞ അമ്പലമണികളുടെ മുഴക്കം സാന്ത്വനത്തിന്റെ സ്പര്‍ശങ്ങളായി വിറയന്‍ ഇലകളില്‍ വലയം കൊണ്ടു.

ചരിത്രം വേണ്ട.

ക്ഷീണിതനായി ആല്‍മരം തീരെ കുഴഞ്ഞ ശബ്ദത്തില്‍ പ്രതിവാദിച്ചു. മനുഷ്യരുടെ ഗന്ധങ്ങളോടും അവരുടെ ആത്മഗതങ്ങളോടും എനിക്ക് യാത്ര പറയേണ്ടതുണ്ട്. എന്നും ചെറുപ്പക്കാരും കുട്ടികളുമായിരുന്നു എന്റെ വൈകുന്നേരങ്ങളില്‍ നിറവുകളായിരുന്നത്. നീ പ്രായമുള്ളവരുടെ വല്ലായ്മകള്‍ കേട്ട് ചൊടിച്ചു നില്‍ക്കുമ്പോഴൊക്കെ ഞാന്‍ അഹങ്കരിക്കുമായിരുന്നു.
മാപ്പ്-
ഇപ്പോള്‍ കടലിന്റെ പകപ്പും തിരകളുടെ കുഴമറിച്ചിലുകളും എനിക്ക് പുതിയ കാഴ്ചകളാകുന്നു. ചൂളം വിളിച്ചു കുതിച്ചുപായുന്ന തീവണ്ടികളുടെ അലോസരങ്ങള്‍ക്കുവേണ്ടിപ്പോലും എന്റെ കാതുകള്‍ കൊതിക്കുന്നു. പ്രായവും ചെറുപ്പവുമല്ല പുല്‍ക്കൊടികളുടെ സൂഷ്മചലനങ്ങളെ പോലും ഞാന്‍ ആഗ്രഹിച്ച് പോവുന്നു.

അരുത്, ഇനി നീ പരിതപിക്കുന്നതില്‍ അരുതായ്കയുണ്ട്. ആഗ്രഹങ്ങളില്ലാത്ത വിശ്രാന്തിയാണ് ആല്‍മരങ്ങള്‍. സ്വപനങ്ങള്‍ ഉളളവര്‍ക്കും അത് കയ്യൊഴിഞ്ഞവര്‍ക്കുമുള്ള തണലും ആഗ്രഹങ്ങളെ നിമജ്ഞനം ചെയ്യാന്‍ കഴിയാത്തവര്‍ മനുഷ്യരാണ്.

കാറ്റ് പെരുക്കുകയാണ്. നിലം പറ്റിവന്നൊരു കാറ്റ് പൊടിപടലങ്ങളോടൊപ്പം വീണുകിടക്കുന്ന ആലിലകളെ കൊണ്ട് ദേവിക്ക് മുമ്പിലൊരു ചുഴലി നൃത്തമാടിച്ചു. ആളനക്കങ്ങള്‍ അകലുകയാണ്യ ഇരുട്ട് അതിന്റെ ആഴങ്ങളന്വേഷിക്കുന്നു. മുഖങ്ങള്‍ നഷ്ടപ്പെട്ട ആല്‍മരങ്ങള്‍ ചില്ലകള്‍ തമ്മിലുരസി സാമീപ്യം അറിയിച്ചുകൊണ്ടിരുന്നു.

ഇനി നീ ഒറ്റയ്ക്ക് ആല്‍മരം കാരു്യം കൊണ്ടു. എന്റെ പതനം മാത്രമല്ല നിന്റെ ഏകാന്തതയും എന്നെ പരീഷീണിതനാക്കുന്നു. എങ്കിലും സന്തോഷമുണ്ട് എണ്ണത്തോണിയില്‍ പരുവപ്പെടുന്ന കൊടിമരം ഉയരുന്നത് നിനക്ക് കാണാം. അപ്പോള്‍ ആ സൗഭാഗ്യം നിനക്കായുള്ള എന്റെ പ്രാര്‍ത്ഥനയായി നീ ഓര്‍ക്കണം.

ക്ഷയിക്കുന്ന ശോഷിപ്പിനെക്കാള്‍ വീഴുന്ന ആരോഗ്യമാണ് സൗഭാഗ്യം. ഇലകള്‍ കുരുക്കാന്‍ മടിക്കുന്ന ചില്ലകളുമായി എന്നും ഒരു വേനല്‍ക്കാല മരത്തെപോലെ ഞാന്‍ തനിച്ചായി പോകുന്നതിനെ നീ സൗഭാഗ്യമെന്നു വിളിക്കുന്നു. കൊടിമരം എപ്പോഴെ നമ്മള്‍ കണ്ടുകഴിഞ്ഞു. അതിന്റെ ഭൗതിക രൂപ ദര്‍ശനത്തിനായി കാത്തിരിക്കുന്നത് മനുഷ്യരല്ലെ?. വര്‍ഷങ്ങളായുള്ള മനുഷ്യസംസര്‍ഗം കൊണ്ട് നിന്റെ മരത്വം അപചയപ്പെട്ടിരിക്കുന്നു. നീ പതനത്തില്‍ ഭയപ്പെടുന്നതും അതുകൊണ്ടുതന്നെ.

രാത്രിയും പകലുമില്ലാതെ ഉറക്കവും തളര്‍ച്ചയും അറിയാതെ വളര്‍ച്ചയില്‍ മാത്രം അഹങ്കരിക്കുന്നതല്ലെ നീ പറയുന്ന മരത്വം. നമ്മള്‍ ഒന്നിച്ചു പിന്നിട്ട കാലങ്ങളില്‍ മനുഷ്യബന്ധങ്ങളുടെ മഹാ സാഗരങ്ങളോളം വിസ്മയിപ്പിച്ച എന്ത് കാഴ്ചകളാണ് നമ്മുക്ക് ഉണ്ടായിട്ടുള്ളത്. വഴിതെറ്റി പറക്കുന്ന ഒരു പക്ഷി പോലും വിശ്രമിക്കാന്‍ ചില്ലതേടാത്ത അശാന്തതയില്‍ മനമുരുകാതെ ഇക്കാലമത്രയും നമ്മുക്ക് പോരുവാന്‍ കഴിഞ്ഞത് മനുഷ്യരുടെ കാരുണ്യമാണെന്ന് ചരിത്രം പറഞ്ഞതും നീ തന്നെയായിരുന്നുവല്ലോ.

കാറ്റ് കെട്ടഴിഞ്ഞു. കടലിന്റെ ഇരമ്പല്‍ ആര്‍ത്തനാദമായി. ഇരുട്ടിലൊളിച്ച മഴ മേഘങ്ങളുെട തിരനോട്ടമായി. വേരിന്റെ അസഹനീയായ വേഗനയില്‍ ആല്‍മരം പുളഞ്ഞു.

കാറ്റിന്റെ ക്രമരാഹിത്യത്തില്‍ മഴ ഉലഞ്ഞുപെയ്തു.

കനത്തു പെയ്യുന്ന കാറ്റ്, വീശി തിമര്‍ക്കുന്ന മഴ പ്രകൃതി അതിന്റെ ഭാവങ്ങളെ വെച്ചു മാറ്റി ചതുരംഗം കളിക്കുന്നതിലെ വിപല്‍സന്ദേശങ്ങള്‍ ആല്‍മരത്തിന്റെ പ്രജ്ഞയറിഞ്ഞു. മിന്നലിന്റെ നൈമിഷിക ശോഭയില്‍ ആല്‍മരം ക്ഷേത്രത്തിന്റെ അചഞ്ചലതയെ ദര്‍ശിച്ചു. അനാദിയായ കാലത്തെ നമസ്‌കരിച്ചു.

ശതസ്രാബ്ദത്തിന്റെ അതിരുകള്‍ ഭേദിച്ച എന്നെ പൂര്‍വ സ്മരണകളില്‍ നിന്നും വിമുക്തനാക്കുക. പ്രകൃതി ക്ഷോഭത്തിന്റെ അസുര ധ്വംസനങ്ങളില്‍ നിന്നും എന്റെ വലിയ ഖേദങ്ങളെ വിലക്കുക. എന്റെ വേദനയുടെ മര്‍മ്മരവീചികളെ നീ അര്‍ച്ചനയായി സ്വീകരിക്കുക.

താളമില്ലാത്ത കാറ്റ് പതിവുപോലെ വിസ്മയം തീര്‍ത്ത് അപ്രത്യക്ഷമായി. മഴതോര്‍ന്ന മേഘങ്ങള്‍ ഇരുട്ടിനെ മയപ്പെടുത്തി. ദാഹം ശമിക്കാത്ത ക്ഷേത്ര കുളത്തിലേക്ക് കുത്തിയൊലിക്കുന്ന നീര്‍ച്ചാലുകളുടെ ശബ്ദം പിന്നെയും ബാക്കിയായി.

ആല്‍മരം കടപുഴകി വീഴുകയായിരുന്നു.

വീശിയടിച്ച കാറ്റിലും കനത്ത മഴയിലും നാടുവിറങ്ങലിച്ചുപോയ കാളരാത്രിക്കു ശേഷം നന്നെ പുലര്‍ച്ചെ രണ്ടാല്‍മരങ്ങളിലൊന്ന് കുളക്കടവിലേക്ക് ശിഖരങ്ങള്‍ നീട്ടി നിലം പതിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!