Section

malabari-logo-mobile

അനാവശ്യ വിവാദങ്ങളല്ല, പുനർനിർമാണത്തിനാവശ്യം ഒരുമയോടെയുള്ള  പ്രവർത്തനം ;ഗവർണർ പി. സദാശിവം

HIGHLIGHTS : തിരുവനന്തപുരം:അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കേരള പുനർനിർമാണത്തിന് ആവശ്യമെന്ന് ഗവർണർ പി. സദാശിവം

തിരുവനന്തപുരം:അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കേരള പുനർനിർമാണത്തിന് ആവശ്യമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 70 ാമത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റിൽ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. സാധാരണജീവിതത്തെ ബാധിക്കുന്ന അക്രമപ്രതിഷേധങ്ങളും നിരന്തര ഹർത്താലുകളും സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിട്ട പ്രതിസന്ധികൾ നമ്മെ ഒരുമിപ്പിക്കാനുള്ള ശക്തിയാകണം. പ്രളയം സംസ്ഥാന സാമ്പത്തികസ്ഥിതിയെ തകർത്തെങ്കിലും നമ്മുടെ ജനങ്ങളുടെ നിശ്ചയദാർഢ്യം രാജ്യത്തിനുതന്നെ മാതൃകയായി. പുനർനിർമാണത്തിന്റെ പ്രവൃത്തികൾ ഒരുരാത്രികൊണ്ട് തീർക്കാവുന്നതല്ല. അതുകൊണ്ടുതന്നെ നമ്മുടെ ലക്ഷ്യങ്ങൾ നേടാനുള്ള ശ്രമങ്ങൾക്കിടയിൽ പുനർനിർമാണപ്രവൃത്തികളുടെ മുൻഗണനകളിൽ സങ്കുചിതരാഷ്ട്രീയം കടന്നുവരരുത്. ഇതിനായി ആത്മാർഥമായ രാഷ്ട്രീയ ഐക്യമാണ് വേണ്ടത്.
രാഷ്ട്രത്തിന്റെ വളർച്ചയ്‌ക്കൊപ്പം കേരളവും പുരോഗതി നേടി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഗെയിൽ പൈപ്പ് ലൈൻ പൂർത്തീകരണത്തോട് അടുക്കുന്നു, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപ്പാസ്, ആലപ്പുഴ ബൈപാസ് ഏപ്രിലോടെ യാഥാർഥ്യമാകുന്നു തുടങ്ങിയ ഇതിനുള്ള അടയാളങ്ങളാണ്. ജലപാതകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും അഭിനന്ദനാർഹമാണ്. ഇന്ത്യയുടെ ഡിജിറ്റൽ പവർ ഹൗസാകാനുള്ള കേരളത്തിന്റെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി കൂടുതൽ ആഗോള കമ്പനികൾ ടെക്‌നോപാർക്കിൽ എത്തി.
ജെൻഡർ ബജറ്റിംഗ്, ട്രാൻസ്‌ജെൻഡർ നയം, ക്ഷേമപെൻഷനുകൾ വർധിപ്പിച്ചത്, ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ഇടപെടലുകൾ എന്നിവ ദേശവ്യാപക അഭിനന്ദനം പിടിച്ചുപറ്റിയിരുന്നു. മാനവശേഷി വികസനത്തിലും ലോകശ്രദ്ധനേടുന്നതിലും മികച്ച ഭാവിയുള്ള സംസ്ഥാനമാണ് കേരളമെന്നതാണ് ഗവർണർ എന്ന നിലയിലെ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!