Section

malabari-logo-mobile

യുവാക്കള്‍ക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും;മുഖ്യമന്ത്രി

HIGHLIGHTS : യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊഴിലന്വേഷക...

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൊഴിലന്വേഷകര്‍ക്ക് പകരം യുവാക്കള്‍ തൊഴില്‍ദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച ‘എന്‍ലൈറ്റ് 2020’ സംരംഭകത്വ വികസന ക്ലബ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാട്ടില്‍ വ്യവസായങ്ങള്‍ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ച് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി ഏഴുനിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളില്‍ കേരളത്തെ എത്തിക്കാനാണ് ശ്രമം. കൊച്ചിയില്‍ നടന്ന അസെന്റ് നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വ്യവസായികള്‍ നമ്മുടെ നാട്ടില്‍ വരാന്‍ സന്നദ്ധരാണ് എന്നതിന് തെളിവാണിത്.
ഇവിടെയാണ് യുവ സംരംഭകര്‍ക്കുള്ള പ്രാധാന്യം വര്‍ധിക്കുന്നത്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകശ്രദ്ധ നേടിയ ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ നിന്നുയര്‍ന്നുവന്നത്. യുവാക്കളുടെ കഴിവുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
യുവസംരംഭകരുടെ കരുത്തും ശക്തിയും പ്രായോഗികതലത്തിലെത്തിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. തൊഴില്‍ രഹിതര്‍ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വിദ്യാസമ്പന്നരായ യുവതലമുറയുടെ വ്യത്യസ്ത അറിവുകളും കഴിവുകളും ജീവിതത്തില്‍ ഫലപ്രദമായ ഉത്പന്നങ്ങളായും സംരംഭങ്ങളായും മാറ്റാനാകണം. ഇത്തരത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി സാമൂഹ്യ ജീവിതവുമായി ഉത്പാദന മേഖലയെ ബന്ധപ്പെടുത്താനാണ് സംരംഭകത്വ വികസന ക്ലബ്ബുകളിലൂടെ കലാലയങ്ങളില്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ, മേയര്‍ കെ.ശ്രീകുമാര്‍, കൗണ്‍സിലര്‍ കെ.മുരളീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: കെ. ഇളങ്കോവന്‍ സ്വാഗതവും ഡയറക്ടര്‍ കെ. ബിജു നന്ദിയും പറഞ്ഞു.
സ്‌കൂള്‍, കോളേജ് തലങ്ങളില്‍ വിദ്യാര്‍ഥികളില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്താനും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും വ്യവസായ – വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എന്റെര്‍പ്രണേഴ്സ് ഡവലപ്മെന്റ് ക്ലബുകള്‍. ഈ വര്‍ഷം മുതലാണ് സംരംഭകത്വ വികസന ക്ലബുകളുടെ സംസ്ഥാനതല കോണ്‍ക്ലേവ് നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ഐ.ടി.സി, പോളി ടെക്നിക്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് രണ്ടു ദിവസമായി തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
60 ഓളം സ്റ്റാളുകളിലായി വൈവിധ്യമാര്‍ന്ന സംരംഭക സാധ്യതയുള്ള ഉത്പന്നങ്ങളാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്നത്. കരകൗശല ഉത്പന്നങ്ങള്‍ മുതല്‍ റോബോട്ടുകള്‍ വരെയുള്ളവ ഇവയിലുണ്ട്. തിരക്കുള്ള ജംഗ്ഷനുകളില്‍ ട്രാഫിക് നിയന്ത്രിക്കാനുള്ള സംവിധാനം, ലോ കോസ്റ്റ് സി.എന്‍.സി മില്ലിംഗ് മെഷീന്‍, ലീഫ് ലെസ് ഫാന്‍, സോളാര്‍ എ.സി ഹെല്‍മറ്റ്, മൊബൈല്‍ ഫാബ് ലാബ്, മൊബൈല്‍ വഴി എവിടെ നിന്നും ഗൃഹോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം, ചോറ് വാര്‍ക്കാനും, തേങ്ങയും അടയ്ക്കയും പൊളിക്കാനുള്ള യന്ത്രം തുടങ്ങി അനേകം ഉപകരണങ്ങളാണിവിടെ പ്രദര്‍ശനത്തിനുള്ളത്. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ് എന്നിവരുടെ എക്സ്പീരിയന്‍സ് സോണുകളും ഇന്‍കുബേഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സംരംഭകത്വ സഹായ ഏജന്‍സികളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന സെഷനുകളും, വിജയിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി സാരഥികളുമായുള്ള ചര്‍ച്ചകളും കോണ്‍ക്ലേവില്‍ നടക്കുന്നുണ്ട്. സമാപന സമ്മേളനം ജനുവരി 30ന് വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത് പുരസ്‌കാര വിതരണം നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!