Section

malabari-logo-mobile

ലഹരിക്കെതിരായ പ്രചരണത്തില്‍ യുവജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം:മന്ത്രി എം ബി രാജേഷ്

HIGHLIGHTS : Youth should stand united in anti-drug campaign: Minister MB Rajesh

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ യുവജന വിദ്യാര്‍ഥി സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളില്‍ യുവജന വിദ്യാര്‍ഥി സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് നിലകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ നോക്കിക്കാണുകയാണ്.

നിയമപരമായ നടപടികളിലൂടെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രക്രിയയിലൂടെയും ലഹരിവിരുദ്ധ പ്രവൃത്തികള്‍ നടപ്പാക്കും. അതോടൊപ്പം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുകയും ചെയ്യും. മയക്കുമരുന്ന് വിപത്തിനെതിരെ സര്‍ക്കാര്‍ ആരംഭിക്കുന്ന സംസ്ഥാന വ്യാപക പ്രചരണ പരിപാടി ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഉദ്ഘാടനച്ചടങ്ങ് വിദ്യാര്‍ഥികള്‍ക്ക് വീക്ഷിക്കുന്നതിനുള്ള അവസരമൊരുക്കും.

sameeksha-malabarinews

മയക്ക് മരുന്നിനെതിരായി ജനകീയ നിരീക്ഷണമാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. വാര്‍ഡ്, തദ്ദേശ സ്വയം ഭരണ സ്ഥാപനം, ജില്ല, സംസ്ഥാന തലങ്ങളില്‍ ഇതിനായി കമ്മിറ്റികള്‍ രൂപീകരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായികള്‍, സന്നദ്ധ സംഘടനകള്‍, യുവജന, വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ കമ്മിറ്റികളില്‍ പങ്കാളികളാകും. ഒക്ടോബര്‍ 3 ന് മയക്ക് മരുന്ന് എന്ന വിപത്തിനെ എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ ക്ലാസ് റൂം ഡിബേറ്റുകള്‍ സംഘടിപ്പിക്കും. വ്യത്യസ്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ശാസ്ത്രീയ മനശാസ്ത്ര സമീപനങ്ങള്‍ക്ക് പി ടി എ, മദര്‍ പിടി എ എന്നിവ വിളിച്ചു കൂട്ടി ഒക്ടോബര്‍ 7 ന് പ്രത്യേക പരിശീലനം നല്‍കും. തീരമേഖലയിലും അതിഥി തൊഴിലാളികള്‍ക്കിടയിലും പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച് ജനജാഗ്രത സദസ്സ്, ലഹരി വിരുദ്ധ ദീപം തെളിയിക്കല്‍ എന്നിവയും നടക്കും. ഇതോടൊപ്പം സംസ്ഥാന വ്യാപകമായി സൈക്കിള്‍ റാലി, കൂട്ടയോട്ടം, ക്വിസ് മല്‍സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

നവംബര്‍ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശ്യംഖലതീര്‍ക്കും. പ്രചരണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 30, 31 തീയതികളില്‍ വിളംബര ജാഥയും നടക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ യുവജന വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തകരും പ്രചരണ പരിപാടിയില്‍ അണിനിരക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, പൊതുമരാമത്ത്, ടൂറിസം, യുവജന ക്ഷേമവകുപ്പ് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്ത ജെറോം, യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ എസ് സതീഷ് തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!