Section

malabari-logo-mobile

സ്വയം ഗാര്‍ഹിക നിരീക്ഷണത്തിന് വിധേയനായ പ്രവാസിയുവാവിന്റെ കുടുംബത്തെ അധിക്ഷേപിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

HIGHLIGHTS : ദുരനുഭവം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിക്കും കുടുംബത്തിനും മലപ്പുറം ഖത്തറില്‍ നിന്നും നാട്ടിലെത്തി കോവിഡ്19 നെതിരെ സ്വയം ഗാര്‍ഹികനിരീക്ഷണത്തില്‍...

ദുരനുഭവം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിക്കും കുടുംബത്തിനും

മലപ്പുറം ഖത്തറില്‍ നിന്നും നാട്ടിലെത്തി കോവിഡ്19 നെതിരെ സ്വയം ഗാര്‍ഹികനിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ മാതാപിതാക്കളെ അധിക്ഷേപിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. പ്രവാസിയുവാവ് ഖത്തറില്‍ നിന്നും കഴിഞ്ഞ ദിവസം കരിപ്പൂരില്‍ വിമാനമിറങ്ങിയ വിവരമറിഞ്ഞ് വീടുപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞെന്നായിരുന്നു വാര്‍ത്ത. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയായ യുവാവിന്റെ കുടുംബത്തെ കുറിച്ചായിരുന്നു ഈ അസത്യം പ്രചരിച്ചത്. വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരന്നതോടെ കടുത്ത മാനസികസമ്മര്‍ദ്ധത്തിലായിരിക്കുകയാണ് യുവാവും കുടുംബവും.

sameeksha-malabarinews

മാര്‍ച്ച് 15ന് വൈകീട്ട് ഏഴുമണിക്കാണ് അരിയല്ലൂര്‍ സ്വദേശിയായ വിനയന്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയത്. നാട്ടിലെത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ മാതാപിതാക്കളെയും ഭാര്യയെയും വിളിച്ച് നാട്ടിലെത്തിയാല്‍ തനിക്ക് 14 ദിവസം ഗാര്‍ഹിക നിരീക്ഷണത്തില്‍ ഒറ്റക്ക് (ക്വാറന്റയിനില്‍) കഴിയേണ്ടിവരുമെന്നും നിങ്ങള്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കണമെന്നും ആവിശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഭാര്യയും കുട്ടിയും അവരുടെ വീട്ടിലേക്കും മാതാപിതാക്കള്‍ സഹോദരിയുടെ വീട്ടിലേക്കും മാറിതാമസിച്ചിരുന്നു. വീട്ടില്‍ അവശ്യസാധനങ്ങളല്ലാം ഒരുക്കിയ ശേഷമാണ് ഇവര്‍ മാറിതാമസിച്ചത്. കരിപ്പൂരില്‍ വിമാനമിറങ്ങിയ വിനയന് ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ രോഗമില്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാല്‍ സ്വാഭാവികമായി 14 ദിവസം ക്വാറന്റിയിനില്‍ തുടരാന്‍ ആവിശ്യപ്പെട്ടു.

ഇത് തുടരുന്നതിനിടയിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൊറോണ ഭീതിയില്‍ മകനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നുകളഞ്ഞന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഈ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും, കൃത്യമായി സാമൂഹ്യബോധത്തോടെ പ്രവര്‍ത്തിച്ച തന്നെയും കുടുംബത്തേയും ബോധപൂര്‍വ്വം അവഹേളിക്കാനാണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്ന് യുവാവ് മലബാറിന്യൂസിനോട് പ്രതികരിച്ചു.

കുറഞ്ഞ ദിവസത്തെ അവധിക്കെത്തിയിട്ട് ഭാര്യയേയും, കുഞ്ഞിനേയും, മാതാപിതാക്കളെയും ഒരു നോക്ക് കാണാന്‍ കഴിയാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ അക്ഷരം പ്രതി അനുസരിച്ച് ഒറ്റക്ക് കഴിയുന്ന തന്നെ ഈ വാര്‍ത്ത മാനസികമായി ഏറെ തളര്‍ത്തിയെന്ന് യുവാവ് പറഞ്ഞു.
അയല്‍വാസികളെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.

കൊറോണ രോഗത്തെ നേരിടുന്നതില്‍ വിദേശരാജ്യങ്ങളേക്കാള്‍ ഏറെ സുരക്ഷിതത്വം കേരളത്തിലാണെന്ന് തനിക്കറിയാം. എന്നാല്‍ നാടാകെ ഒറ്റക്കെട്ടായി ഈ വിപത്തിനെ പ്രതിരോധിക്കുമ്പോള്‍, ഇതിനോട് ഐക്യപ്പെടുന്നവരെ തളര്‍ത്തുന്ന ചിലരുടെ നടപടികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും വിനയന്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!