കൊടിഞ്ഞിയില്‍ മഞ്ഞ മഴ

തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ മഞ്ഞ മഴ. കൊടിഞ്ഞി കടുവാളൂര്‍ പത്തൂര്‍ ബഷീറിന്റെ വീട്ടിലാണ് മഞ്ഞ മഴ അനുഭവപ്പെട്ടത്.
ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ദ്രാവകം തുടച്ചാല്‍ മാഞ്ഞു പോകുന്നുണ്ടെങ്കിലും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ട്.

വീട്ടില്‍ മതിലിന്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂര്‍ സ്വദേശികളായ രാജു, ദിലീപ്, കൊടിഞ്ഞി കുറൂല്‍ സ്വദേശി ഇസ്മായില്‍ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്.
തേച്ച മതിലില്‍ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനങ്ങളിലും, ഇലകളിലും മഴത്തുള്ളികള്‍ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പില്‍ പല ഭാഗത്തായി മഞ്ഞത്തുള്ളികള്‍ കാണപ്പെടുന്നതായി ബഷീര്‍ പറഞ്ഞു.
ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top