
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുണ്ടായിരുന്ന ‘ന്യൂട്ടന്റെ ആപ്പിള്‍ മരം’ യൂനിസ് കൊടുങ്കാറ്റില്‍ നിലംപൊത്തി. ഭൂഗുരുത്വബല സിദ്ധാന്തത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടനെ ചിന്തിപ്പിക്കാന്‍ നിമിത്തമായ യഥാര്‍ഥ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്നാണ് കടപുഴകിയത്.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 1954 ലാണ് ഈ മരം നട്ടുപിടിപ്പിച്ചത്. ഹണി ഫംഗസ് ബാധ മൂലം നാശത്തിന്റെ വക്കിലായിരുന്നെങ്കിലും കഴിഞ്ഞ 68 വര്‍ഷമായി സസ്യോദ്യാനത്തിലെ ആകര്‍ഷക കേന്ദ്രമായിരുന്നു ഈ മരം.
ലിങ്കണ്‍ഷെയറില്‍ വൂള്‍സ്‌ത്രോപ് മാനറിലെ ന്യൂട്ടന്റെ ഗൃഹത്തിന്റെ മുന്നിലായിരുന്നു യഥാര്‍ഥ ആപ്പിള്‍ മരമുണ്ടായിരുന്നത്. 1666ല്‍ ഇതില്‍നിന്ന് ആപ്പിള്‍ താഴേക്കു പതിക്കുന്നതു കണ്ടാണ് ന്യൂട്ടന്‍ ഭൂഗുരുത്വ ആകര്‍ഷണത്തെക്കുറിച്ച് പഠിച്ചതെന്നാണു കരുതപ്പെടുന്നത്. സംരക്ഷിക്കപ്പെട്ടു വന്ന ഈ മരം 1816ലെ കൊടുങ്കാറ്റില്‍ നിലംപതിച്ചു. ഇതില്‍ നിന്ന് ക്ലോണ്‍ ചെയ്‌തെടുത്തത് മൂന്ന് മരങ്ങളായിരുന്നു. അതില്‍ ഒന്നാണ് നിലംപതിച്ചത.്




