Section

malabari-logo-mobile

ജെ.സി. ഡാനിയേൽ പുരസ്‌കാരം പി. ജയചന്ദ്രന് മുഖ്യമന്ത്രി സമർപ്പിച്ചു

HIGHLIGHTS : J.C. Daniel Award Jayachandran submitted to the Chief Minister

2020ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രനു മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ചു. മലയാള ചലച്ചിത്രഗാന ശാഖയുടെ ശബ്ദമായി നിലകൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിച്ച ഗായകനാണു പി. ജയചന്ദ്രനെന്ന് പുരസ്‌കാരം സമർപ്പിച്ചു മുഖ്യമന്ത്രി പറഞ്ഞു.

സംഗീതത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമായ കലയാക്കി മാറ്റിയതു ചലച്ചിത്ര ഗാനങ്ങളാണ്. സമ്പന്ന കുടുംബ പശ്ചാത്തലങ്ങളിൽമാത്രം ഒതുങ്ങിനിന്ന സംഗീതത്തെ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിച്ചതും ചലച്ചിത്ര സംഗീതമാണ്. ചലച്ചിത്ര ഗാനങ്ങളുടെ വൈകാരികഭാവം അതിസൂക്ഷ്മതലത്തിൽ ഉൾക്കൊണ്ടുപാടുന്നതുകൊണ്ടാണ് ഭാവഗായകൻ എന്ന വിശേഷണം കേരളം പി. ജയചന്ദ്രനു നൽകിയത്. ആധുനിക കേരളത്തിന്റെ കലാസാംസ്‌കാരിക ചരിത്രത്തിനൊപ്പം വളരുകയും സ്വന്തം പ്രതിഭകൊണ്ട് സവിശേഷ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാക്കൾ മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനകൾ രേഖപ്പെടുത്തുന്നതിനായി പുരസ്‌കാര ജേതാക്കളുടെ ജീവചരിത്രം ഡോക്യുമെന്ററിയാക്കുന്ന പദ്ധതി ചലച്ചിത്ര അക്കാദമി ആരംഭിച്ചിട്ടുണ്ടെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. പി. ജയചന്ദ്രന്റെ അഭ്യർഥന പ്രകാരം പ്രശസ്ത സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന്റെ പ്രതിമ നിർമിക്കുന്നതിനു സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
26-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള(ഐ.ഐ.എഫ്.കെ)യുടെ ഫെസ്റ്റിവൽ ഡിസൈൻ ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുണിനു നൽകി പ്രകാശനം ചെയ്തു. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ജൂറി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംഗീത നിരൂപകൻ രവി മേനോൻ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു. പുരസ്‌കാര സമർപ്പണത്തിനു ശേഷം പി. ജയചന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഭാവഗാന സാഗരം എന്ന സംഗീത പരിപാടിയും അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!