ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല, ദേശവിളക്കിന് ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട് ; നന്ദഗോവിന്ദം ഭജൻസിന് പിന്തുണയുമായി ക്ഷേത്ര കമ്മിറ്റി

കോട്ടയം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നന്ദഗോവിന്ദം ഭജന്‍സ്. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല അടക്കമുളളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഹൈന്ദവ ക്ഷേത്രത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടുന്നത് മതവികാരം വ്രണപ്പെടുത്തിയെന്ന തരത്തിലാണ് പല പ്രതികരണങ്ങളും. അതേസമയം നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് പരിപാടി നടത്തിയ നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി രംഗത്ത് വന്നിരിക്കുകയാണ്. മതം നോക്കാതെ എല്ലാവരും സഹകരിച്ച് നടത്തിയ പരിപാടി ആണെന്നും അതിൽ ക്രിസ്തീയ ഗാനം പാടിയത് അപരാധമായി തോന്നുന്നില്ലെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കുന്നു.
ക്ഷേത്ര കമ്മിറ്റിയുടെ പ്രസ്താവന: ” ഈ സാഹചര്യത്തിൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോൾ. നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു, ക്ഷേത്ര പുനർനിർമാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയിൽ നന്ദഗോവിന്ദം ഭജൻസ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്. അത് കുറച്ചു പേർ വളരെയധികം വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത് ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്. തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്.

നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ LKG മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്, പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസ്സോടു കൂടിയാണ്പ്രോഗ്രാം കൺട്രോൾ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേൾക്കുകയും ചെയ്തു. പിന്നാലെ ന്യായീകരണം ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്. ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ് അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും. അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട്നിലവിലുള്ള സൗഹാർദത്തെ എല്ലാവരും കൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ”.

ക്ഷേത്ര കമ്മിറ്റിയെ പ്രശംസിച്ച് ഡോ. ടിഎം തോമസ് ഐസക് രംഗത്ത് വന്നു. ഇതാണ് “യഥാർത്ഥ കേരള സ്റ്റോറി” എന്ന് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

”നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് സംഘപരിവാറിന് സഹിക്കുന്നില്ല. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനായി ആസൂത്രിതമായുള്ള ശ്രമമാണ് അവർ നടത്തുന്നത്. ബിരിയാണി ചേരുവ പായസത്തിൽ ആരെങ്കിലും ഇടുമോ എന്നതാണ് ഒരു സംഘപരിവാർ നേതാവിന്റെ ആത്മഗതം. ശ്രീ നാരായണ ഗുരുവിന്റെ നാട്ടിലാണ് ഇത്തരം വിഷലിപ്തമായ പ്രസ്താവനകൾ. കെപിഎസിയുടെ നാടകങ്ങളും സാംബശിവന്റെ കഥാപ്രസംഗങ്ങളുമെല്ലാം കൊണ്ടാടിക്കൊണ്ടിരുന്ന ക്ഷേത്രോത്സവങ്ങളിൽ ഇന്നിപ്പോൾ അലോഷി ഒരു വിപ്ലവഗാനം പാടിയാൽ കോടതിയിൽപ്പോലും എതിർ പരാമർശനം ഉണ്ടാക്കുന്ന അന്തരീക്ഷമാണ്. കേരളം ഇന്നും ഇത്തരം അപരവിദ്വേഷ ശക്തികൾക്ക് കീഴടങ്ങിയിട്ടില്ലായെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി സംഘടിപ്പിച്ച വേമ്പിൻകുളങ്ങര ക്ഷേത്രം ഭാരവാഹികളുടെ പ്രസ്താവന” എന്നും തോമസ് ഐസക് പ്രതികരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top