തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും കണ്ണൂരും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. കണ്ണൂരില്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ല. എംജി സര്‍വകലാശാല ഇന്ന് നടത്താന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായതോടെയാണിത്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഒഡിഷക്കും ഛത്തീസ്ഖഡിനും മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി അറബികടലില്‍ പടിഞ്ഞാറന്‍ / തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
കച്ചിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദവും, ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.
വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാലവര്ഷ കാറ്റും സജീവമാണ്. ശക്തമായ , ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീര്‍ദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്.




