
കണ്ണൂര്‍ മട്ടന്നൂരില്‍ വീട്ടില്‍ ആക്രിയില്‍ കിട്ടിയ സ്റ്റീല്‍പാത്രം പൊട്ടിത്തെറിച്ച് ആക്രി കച്ചവടക്കാരായ അസം സ്വദേശികളായ അച്ഛന്റെയും മകന്റെയും മരണത്തിനിടയാക്കിയത് സ്റ്റീല്‍ ബോംബ്. പൊലീസ് ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി. പറമ്പില്‍ നിന്നും ലഭിച്ച സ്റ്റീല്‍ പാത്രം തുറന്ന് നോക്കുമ്പോഴായിരുന്നു സ്‌ഫോടനം. ഇതുമായി ബന്ധപ്പെട്ട് പരിശോധന തുടരുകയാണ്. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ആക്രി സാധനങ്ങളടക്കം ഡോഗ് സ്‌ക്വാഡ് പരിശോധിക്കും.
ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കില്‍ വാടക വീട്ടില്‍ സ്‌ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികള്‍ താമസിക്കുന്ന വാടക വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ വച്ചാണ് സ്‌ഫോടനം നടന്നത്. വീടിന്റെ മേല്‍ക്കൂര അപ്പാടെ തകര്‍ന്നു. ആക്രി സാധനമാണെന്ന് കരുതി ഇവര്‍ കൊണ്ടുവന്ന സ്റ്റീല്‍ കവറിങ്ങുള്ള സാധനം ചുറ്റിക കൊണ്ട് അടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കവേയാണ് അപകടം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസുമെത്തി പരിശോധിച്ചപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസല്‍ ഹഖ് (45) ആണ് സ്‌ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ ശഹീദുള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രാത്രി പോലീസും ഫോറന്‍സിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.




