ഇടുക്കി: ഉടുമ്പന്‍ചോലക്ക് സമീപം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ടയാളെ സമീപത്തെ വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. ജോസഫിന്റെ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്നാണ് കണ്ടെത്തല്‍. ചെമ്മണ്ണാര്‍ സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജേന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തും.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവം.
മോഷണശ്രമത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ജോസഫിന്റെ കഴുത്തില്‍ പിന്നില്‍ നിന്നും രാജേന്ദ്രന്‍ ബലമായി പിടിച്ചിരുന്നു. കഴുത്തിനുള്ളിലെ എല്ലുകള്‍ പൊട്ടി ശ്വാസതടസമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.
സംഭവം കൊലപാതകമാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.




