ജലവും മണ്ണും സംരക്ഷിച്ചുള്ള സുസ്ഥിര ജലവിനിയോഗം വേണം ;ഗവര്‍ണര്‍

തിരുവനന്തപുരം: ജലവും മണ്ണും സംരക്ഷിക്കാനാവുംവിധമുള്ള സുസ്ഥിരവും സംയോജിതവുമായ ജലവിനിയോഗ മാര്‍ഗങ്ങള്‍ നാം ആലോചിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. സര്‍ക്കാരുകളും ജനങ്ങളും ജലസംരക്ഷണം കൂട്ടുത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോക ജലദിനാചരണത്തിന്റെയും സെമിനാറിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

മരങ്ങളും മലകളും നദികളും ഒക്കെയായി പ്രകൃതി വിഭവങ്ങള്‍ സമൃദ്ധമായിട്ടും വരള്‍ച്ചയും ജലക്ഷാമവും കേരളത്തില്‍ ഒരു യാഥാര്‍ഥ്യമാണ്. മുന്‍കാലങ്ങളില്‍ അശാസ്ത്രീയമായി ജലവും പ്രകൃതി വിഭവങ്ങളും ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ ഫലമാണിത്. 2018ലെ പ്രളയം നമുക്ക് പാഠവും മുന്നറിയിപ്പുമാകണം.

ഭൂഗര്‍ഭ ജലനിരപ്പ് ക്രമേണ കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ഉയര്‍ത്തുക എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. മേല്‍മണ്ണ് നഷ്ടമാകുന്നതും ജലം നിലനിര്‍ത്തുന്നതിന് തടസ്സമാകുന്നുണ്ട്. അരുവികളും കുളങ്ങളും പുനരുദ്ധരിക്കുന്നതും നവീകരിക്കുന്നതും ജലം ശേഖരിക്കാനുള്ള ശേഷി വര്‍ധിപ്പിക്കും. ഉപരിതല ജലത്തിന്റെ കാര്യത്തിലും ശാസ്ത്രീയമായ ഇടപെടല്‍ വേണം. അങ്ങനെയുണ്ടായാല്‍ വരള്‍ച്ചയും പ്രളയവും മറികടക്കാന്‍ കഴിയും.
സുസ്ഥിരവും സംയോജിതവുമായ പദ്ധതികളിലൂടെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ജലലഭ്യത ഉറപ്പാക്കണം. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കണം. മഴവെള്ള സംരക്ഷണത്തിനും ശാസ്ത്രീയമായ രീതികള്‍ പിന്തുടരണം. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വരുംകാലങ്ങളിലുണ്ടാക്കാവുന്ന പ്രതിസന്ധികള്‍ നേരിടാന്‍ മുന്നൊരുക്കങ്ങളാണ് ആവശ്യം. 2030 ഓടെ വരാവുന്ന ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉപയോഗിക്കാവുന്ന ജലത്തിന്റെ പകുതിയോളം പാഴായിപോകുമ്പോള്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. ജലസംരക്ഷണ മാര്‍ഗങ്ങള്‍ കൃഷിയിടങ്ങളിലും അവലംബിക്കണം. ഡ്രിപ്പ്, മൈക്രോ ജലസേചനം ഇതിന് ഗുണം ചെയ്യും.

ഇപ്പോഴും കൃഷിയില്‍ സജീവമായ വ്യക്തിയാണ് താന്‍. നാട്ടില്‍ 30 ഏക്കര്‍ കൃഷിയിടത്തില്‍ ഡ്രിപ്പ്, മൈക്രോ പദ്ധതികള്‍ മുഖേന ജലസേചനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സ്‌കൂള്‍ കുട്ടികളെ ബോധവത്കരിക്കണമെന്നും അതവരുടെ പ്രവൃത്തിയിലും മനോഭാവത്തിലും മാറ്റമുണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ ജലവിഭവ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍ കെ.എച്ച്. ഷംസുദ്ദീന്‍, യു.എന്‍ പ്രതിനിധി ഡച്ച് ഡിസാസ്റ്റര്‍ റിഡക്ഷന്‍ മിഷനിലെ ഡോ. സൈമണ്‍ വാര്‍ണര്‍ഡാം തുടങ്ങിയവര്‍ സംബന്ധിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ സ്വാഗതവും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ കെ.എ. ജോഷി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജലസംരക്ഷണം സംബന്ധിച്ച് വിവിധ സെഷനുകളിലായി സെമിനാറും നടന്നു.

Related Articles