HIGHLIGHTS : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീ...
ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് അവബോധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടോരി നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ്, ജില്ലാ ഡ്രഗ് ഇന്‍സ്പെക്ടര്‍, ഐ.എം.എ, ഐ.എ.പി തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ശരിയായ അവബോധവും ധാരണയും വര്‍ധിപ്പിക്കുന്നതിനും ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ ആവിര്‍ഭാവവും വ്യാപനവും കുറക്കുന്നതിന് മികച്ച ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ആഗോള ക്യാമ്പയിനാണ് ലോക ആന്റി മൈക്രോബിയല്‍ അവബോധ വാരാചരണം.
-ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളോട് പ്രതിരോധിക്കുന്ന സാഹചര്യമാണ് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്. ആന്റി ബയോട്ടിക്കുകളുടെ അമിതമായതും കൃത്യതയില്ലാത്തതുമായ ഉപയോഗം മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ക്ക് പ്രതിരോധ ശക്തി നേടാന്‍ കഴിയുകയും നിലവിലുള്ള ചികിത്സ ഫലവത്താകാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ലോക ആരോഗ്യ സംഘടന നവംബര്‍ 18 മുതല്‍ 24 വരെ വേള്‍ഡ് എ.എം.ആര്‍(ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്) അവബോധ വാരം ആചരിക്കുന്നത്. ‘പ്രിവന്റിംഗ് ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ടുഗതര്‍’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഇതിന്റെ ഭാഗമായി നവംബര്‍ 24ന് ‘ഗോ ബ്ലൂ ഫോര്‍ എ.എം.ആര്‍’ ദിവസം ആചരിക്കുകയും എല്ലാ സ്ഥലങ്ങളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച് ക്ലാസ് നല്‍കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ലോകമെമ്പാടുമുള്ള മരണങ്ങളില്‍ ഏകദേശം അഞ്ച് ദശലക്ഷം മരണങ്ങള്‍ ആന്റി മൈക്രോബിയല്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരിയായ വിധത്തില്‍ കൈകാര്യം ചെയ്തിട്ടില്ലെങ്കില്‍ വലിയ ഒരു വിപത്തിലേക്ക് എത്തിച്ചേരും.


-ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
1. വൈറസ് രോഗങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആന്റിബയോട്ടിക്കുകള്‍ വൈറസുകളില്‍ പ്രവര്‍ത്തിക്കില്ല. വൈറസ് രോഗാണുക്കള്‍ക്ക് ആന്റീവൈറല്‍ മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. വൈറസ് രോഗാണുബാധയുടെ കൂടെ ബാക്ടീരിയ രോഗാണുബാധ ഉണ്ടെങ്കില്‍ മാത്രം ആന്റിബയോട്ടിക്ക് ആവശ്യമുള്ളു. ഇങ്ങനെ ആവശ്യമുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.
2. ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കഴിക്കുന്നത് ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സിന് കാരണമായേക്കാം. ആന്റിബയോട്ടിക്കുകളുടെ അമിതമായതും കൃത്യതയില്ലാത്തതുമായ ഉപയോഗം മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ക്ക് പ്രതിരോധ ശക്തി നേടാന്‍ കഴിയുകയും നിലവിലുള്ള ചികിത്സ ഫലവത്താകാതിരിക്കുകയും ചെയ്യുന്നു.
3. ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധകള്‍ ദീര്‍ഘകാല ആശുപത്രി വാസത്തിനും സാമ്പത്തിക നഷ്ടത്തിനും മരണത്തിനും വരെ കാരണമാകാം. ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ ചെറുത്തുതോല്‍പ്പിക്കുംതോറും രോഗങ്ങളുടെ ചികിത്സ ദുഷ്‌കരമാകും
4. ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അണുബാധകള്‍ പ്രായഭേദമന്യേ ആര്‍ക്കും പിടിപെടാം. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ചെറുത്തുനില്‍ക്കുന്നത് ബാക്ടീരിയകളാണ് അല്ലാതെ മനുഷ്യരോ മൃഗങ്ങളോ അല്ല.
5. ഏതെങ്കിലും തരത്തിലുള്ള രോഗാണുബാധ ഉണ്ടെന്ന് സംശയമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ഡോക്ടറുടെ സേവനം തേടുക. എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ വേണമെന്ന് ആവശ്യപ്പെടരുത്.
6. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളും മറ്റു മരുന്നുകളും വാങ്ങുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുത്.
7. ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള ആന്റിബയോട്ടിക്കുകള്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള മരുന്നുകളും ആന്റിബയോട്ടിക്കും അളവില്‍ കൂടുതലോ കുറവോ ഉപയോഗിക്കാന്‍ പാടില്ല. നിര്‍ദേശിച്ചിട്ടുള്ള ചികിത്സ പൂര്‍ത്തീകരിക്കുകയും വേണം.
8. പൂര്‍ണമായ ചികിത്സയ്ക്ക് ശേഷം മരുന്നുകള്‍ മിച്ചം വന്നാല്‍ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കുകയോ പിന്നീട് മറ്റൊരു അസുഖത്തിന് ഉപയോഗിക്കുകയോ മരുന്നുകള്‍ വലിച്ചെറിയുകയോ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയോ ചെയ്യരുത്.
9. രോഗാണുബാധകള്‍ തടയുന്നതിനായി കൈകള്‍ എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കുക. ഭക്ഷണം വൃത്തിയായി തയാറാക്കുക. പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി സ്വീകരിക്കുക
10. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് തടയുന്നതിനായി എല്ലാവര്‍ക്കും ആന്റിബയോട്ടിക് സാക്ഷരത നേടാം.