HIGHLIGHTS : തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍ തീരം പദ്ധതിക്ക് ജില്ലയി...
തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാനതൊഴില്‍ മേഖലയില്‍ അവസരമൊരുക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴില്‍ തീരം പദ്ധതിക്ക് ജില്ലയിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ തുടക്കമായി. തിരൂരങ്ങാടി, വള്ളിക്കുന്ന്, താനൂര്‍, തിരൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള വൈജ്ഞാനിക തൊഴില്‍ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള ഫീല്‍ഡ്തലപരിശീലനങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളില്‍ നിന്നുമായി 987 പേര്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 697 പേര്‍ സ്ത്രീകളാണ്.
മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെവരുമാന വര്‍ധനവും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതത് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ അധ്യക്ഷരായുള്ള സംഘാടക സമിതികള്‍ രൂപീകരിച്ചു. സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളുമാണ് പദ്ധതി പ്രദേശങ്ങള്‍. നോളജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്ത 18നും 40നും ഇടയില്‍ പ്രായമുള്ള പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിലെ ഉദ്യോഗാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.

ഉദ്യോഗാര്‍ഥികളുടെ അഭിരുചിയും ആഭിമുഖ്യവും മനസ്സിലാക്കി ആവശ്യാനുസരണം സൈക്കോമെട്രിക് ടെസ്റ്റ്, കരിയര്‍ കൗണ്‍സിലിങ്, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനിങ്, വര്‍ക്ക് റെഡിനസ് പ്രോഗ്രാം, റോബോട്ടിക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. റിമോര്‍ട്ട് വര്‍ക്കുകള്‍, ഫ്രീലാന്‍സ് ജോലികള്‍, വര്‍ക്ക് ഓണ്‍ ഡിമാന്‍ഡ് ജോലികള്‍, പാര്‍ട്ട് ടൈം ജോലികള്‍, സമുദ്ര-മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തൊഴിലുകള്‍ ഉള്‍പ്പെടെ നവലോക തൊഴിലുകള്‍ കണ്ടെത്തി പരിശീലനങ്ങള്‍ നല്‍കി പദ്ധതി പ്രകാരം തൊഴിലന്വേഷകരെ തൊഴില്‍ സജ്ജരാക്കുന്നു.
തുടര്‍ന്ന് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക ജില്ലാതല തൊഴില്‍ മേളയില്‍ പങ്കെടുക്കാം. 2024 ജനുവരി 21നാണ് പ്രത്യേക തൊഴില്‍മേള നടത്തുക. ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള ചെയര്‍പേഴ്‌സണും നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല കണ്‍വീനറുമായി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്താനുള്ള ചുമതല. തൊഴിലന്വേഷകരെ ഉള്‍പ്പെടുത്തി പ്രാദേശിക സംഗമങ്ങള്‍, തൊഴില്‍ ക്ലബ്ബുകള്‍, മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് – പ്രാദേശികതല ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍മേള സംഘടിപ്പിക്കുന്നതിനുമായി സാഫ് ഫെസിലിറ്റേറ്റര്‍മാര്‍, പുനര്‍ഗേഹം മോട്ടിവേറ്റര്‍മാര്‍, മത്സ്യഫെഡ് പ്രോജക്ട് ഓഫീസര്‍മാര്‍, സാഗര്‍ മിത്രകള്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി നിയമിച്ചിട്ടുള്ളത്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കായിരിക്കും ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു