HIGHLIGHTS : Kerala, Janasadash: Rumors that the cost will cross Rs 200 crore are untrue: Minister V Sivankutty
കേരളീയം, ജനസദസ് എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ചെലവ് 200 കോടി രൂപ കടക്കുമെന്ന വാര്‍ത്ത തെറ്റും ഈ ബഹുജന മുന്നേറ്റ പരിപാടികളുടെ യശസ് ഇടിച്ചു താഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇരു പരിപാടികളുടെയും അന്തിമ ചെലവ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ബജറ്റ് തയാറാകും മുമ്പ് 200 കോടിക്ക് മേലെ ചെലവ് എന്ന വാര്‍ത്ത വെറും ഊഹത്തില്‍ നിന്ന് ജനിച്ചതാണ്.
കേരളത്തിന്റെ മികച്ച മാതൃകകളും വിവിധ മേഖലകളില്‍ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് കേരളത്തിന്റെ മഹോത്സവമായി കേരളീയം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തിന്റെ നേട്ടങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാകും ഇത്.

ഇതിന്റെ നടത്തിപ്പിനായി 19 വിവിധ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ കമ്മിറ്റിയും തങ്ങള്‍ക്ക് ആവശ്യമുള്ള തുകയുടെ ബഡ്ജറ്റ് തയ്യാറാക്കി വരുന്നതേയുള്ളൂ. അതിനിടെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നിരിക്കുന്നത്. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ 140 മണ്ഡലങ്ങളിലായാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പര്യടനം നടക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തോടെയാണ് ജനസദസുകള്‍ നടത്തുന്നത്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നു. ജനസദസുകള്‍ക്ക് വലിയ ചെലവ് വരുമെന്ന പ്രചാരണവും തെറ്റാണ്. ഇതിന്റേയും അന്തിമ ബഡ്ജറ്റ് തയ്യാറായിട്ടില്ല. അതിനു മുന്‍പാണ് കേരളീയത്തെയും ജനസദസിനെയും ബന്ധപ്പെടുത്തി വാര്‍ത്ത വന്നിട്ടുള്ളത്.
ഓരോ പദ്ധതിയും സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളുടെയും നാടിന്റേയും ക്ഷേമം മുന്നില്‍ കണ്ടാണ്. ഒരു പദ്ധതിയുടെ തുടര്‍ച്ചയായി മറ്റൊരു പദ്ധതിയോ പരിപാടിയോ രൂപപ്പെടുത്താറുമുണ്ട്. ഒരു പദ്ധതിയോ പരിപാടിയോ നാടിന് ഗുണം ചെയ്യുന്നതാണോ എന്ന് പരിശോധിച്ചാണ് പണം ചെലവഴിക്കുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍ നാടിനും നാട്ടാര്‍ക്കും ഗുണകരമായ പരിപാടികളാണ് കേരളീയവും ജനസദസും.
നാടിന്റെ നന്‍മയ്ക്കുതകുന്ന പദ്ധതികളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. കേരളീയവും ജനസദസും ഇത്തരത്തിലുള്ള രണ്ടു പരിപാടികളാണ്. അത് വിജയിക്കുന്നതിന് മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണ അനിവാര്യമാണ്. അതുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നതിനു പകരം ഈ പരിപാടികളുമായി സഹകരിക്കാന്‍ എല്ലാ മാധ്യമങ്ങളും തയാറാകണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു