വാര്‍ത്തകളിലെ സ്ത്രീകള്‍ വസ്തുതകള്‍ക്കനുസൃതമായി മാത്രം വ്യാഖ്യാനിക്കപ്പെടണം; മാധ്യമ കോണ്‍ക്ലേവ് ചര്‍ച്ച

വാര്‍ത്തകളില്‍ പ്രതിപാദിക്കപ്പെടുന്ന സ്ത്രീകളെ കമ്പോളവല്‍ക്കരിക്കാതെ വസ്തുതകള്‍ക്കനുസൃതമായി മാത്രമേ വ്യാഖ്യാനിക്കപ്പെടാവൂവെന്ന് പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. മാധ്യമസ്ഥാപനങ്ങളിലെ നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി നിര്‍ണായക വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിലൂടെ ലിംഗനീതിക്ക് ആക്കംകൂട്ടാനാകുമെന്നും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ദേശീയ വനിതാ മാധ്യമപ്രവര്‍ത്തക കോണ്‍ക്ലേവിന്റെ ഭാഗമായി ‘വാര്‍ത്തകളിലെ സ്ത്രീ’ എന്ന വിഷയത്തില്‍ ടാഗോര്‍ തീയറ്ററില്‍ നടന്ന പാനല്‍ചര്‍ച്ച അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ ഉള്‍പ്പെടുന്ന വാര്‍ത്തകളിലെ ഭാഷ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതി ദേവി പറഞ്ഞു. വാര്‍ത്തകളുടെ ഉള്ളടക്കത്തെ ചര്‍ച്ചചെയ്യാതെ ഗ്ലാമര്‍ രംഗത്തെ വനിതകളെ വിനോദ ഉപാധികളായും കുറ്റകൃത്യങ്ങളിലുള്‍പ്പെട്ട വനിതകളെ വിപണിയുടെ താല്‍പര്യത്തിനനുസരിച്ചും ആഘോഷിക്കപ്പെടുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി സ്ത്രീസമൂഹമുള്‍പ്പെടെ പാര്‍ശ്വവല്‍കൃത സമൂഹത്തെ മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. കഴിവുകള്‍ അംഗീകരിച്ച് ന്യൂസ് റൂമുകളിലെ പ്രധാന ബീറ്റുകള്‍ കൈകാര്യം ചെയ്യാന്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. വനിതകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിനും വനിതാനയം രൂപപ്പെടുത്തുന്നതിനും മാധ്യമസ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ നേട്ടത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് അര്‍ഹമായ പ്രധാന്യം നല്‍കാതെ ലഹരിമാഫിയ, കൊലപാതകം , പീഡനം, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടുന്നവരെ ചൂണ്ടിക്കാട്ടി അമിത പ്രധാന്യം നല്‍കി ആഘോഷിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിലേതെന്ന് ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ പി ഒ ഷീജ അഭിപ്രായപ്പെട്ടു. മാധ്യമരംഗത്ത് അഭിപ്രായരൂപീകരണത്തിലും അന്തിമ തീരുമാനം കൈക്കൊള്ളുന്നതിലും പുരുഷമേല്‍ക്കോയ്മ പ്രകടമാണ്. സ്ത്രീകള്‍ സ്വന്തം ഉള്‍ക്കരുത്ത് തിരിച്ചറിഞ്ഞ് മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു.

വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ മറികടന്ന് വനിതകള്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് സുപ്രീകോര്‍ട്ട് ഒബ്‌സര്‍വര്‍ എഡിറ്റര്‍ ഇന്‍ ചീഫ് ലീന രഘുനാഥ് പറഞ്ഞു. സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ശബ്ദിക്കുന്നതിനുള്ള ആര്‍ജവം കാണിക്കണം. ന്യൂസ് റൂമുകളില്‍ ലിംഗനീതി ഉറപ്പാക്കാനാകണം. സ്ത്രീവിരുദ്ധ വിധികള്‍ വ്യാപകമായി പ്രസ്താവിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ സമാന ചിന്താഗതിയുള്ളവരെ ഒപ്പംകൂട്ടി നീതിക്കായി പോരാടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ദളിത് സ്ത്രീകളുടെ തീവ്രതയേറിയ പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ലെന്ന് ദളിത് ക്വിയര്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റായ ആരതി എം ആര്‍ അഭിപ്രായപ്പെട്ടു. വാര്‍ത്തകളില്‍ ലിംഗനീതി ഉറപ്പാക്കുന്നതില്‍ പുതുതലമുറയിലുള്ളവര്‍ തിരുത്തല്‍ ശക്തിയാകണമെന്നും അവര്‍ പറഞ്ഞു. മാധ്യമസ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസ്ഡ് സ്റ്റൈല്‍ ബുക്ക് ആവശ്യമാണെന്ന് ചര്‍ച്ചയെ നയിച്ച കണക്റ്റിംഗ് കേരള എഡിറ്റര്‍ ഇന്‍ ചീഫ് അനുപമ വെങ്കിടേശ്വരന്‍ അഭിപ്രായപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top