
തിരുവനന്തപുരം: നെയ്യാറ്റിൻകര വ്ലത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്.
ഇന്ന് രാവിലെ ഒമ്പതു മണിയോടുകൂടിയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്‍റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിഎസ്‌സി ട്രെയിനിങ് സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. ഒമ്പത് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. ഇതുവരെ വീട്ടിൽ നിന്നും തർക്കങ്ങളോ ബഹളങ്ങളോ ഒന്നും കേട്ടിട്ടില്ലെന്നും സമീപവാസികൾ പറയുന്നു. ഈ സമയം ഇവർ രണ്ടുപേരുമല്ലാതെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അൽമയെ കാണുകയായിരുന്നു. കഴുത്തിന് പിന്നിലാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




