
കണ്ണൂർ :പാറക്കണ്ടി ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിൽ ചൊവ്വാഴ്ച മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. തോട്ടട സമാജ്വാദി നഗറിലെ സെൽവി(50)യാണ് കൊല്ലപ്പെട്ടത്. പ്രതി മലപ്പുറം തൃക്കണ്ണാപുരം സ്വദേശി ശശികുമാറി(52)നെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത്കൊടേരി അറസ്റ്റു ചെയ്തു. ലൈംഗികാതിക്രമത്തിനിടെ നെറ്റിയിലേറ്റ മുറിവാണ് മരണ കാരണം.
ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ജില്ലാ ആശുപത്രിയിലെ പോസ്റ്റുമാർട്ടത്തിലാണ്, ലൈംഗികാതിക്രമത്തിനിടെ നെറ്റിയിൽ മുറിവേറ്റത് വ്യക്തമായത്. സംഭവ സമയത്ത് ശശികുമാർ കടവരാന്തയിൽ ഉണ്ടായിരുന്നെന്ന സാക്ഷിമൊഴിയും നിർണായകമായി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലും ഇരുവരുമുണ്ട്. ശശികുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വ്യക്തമായത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ആക്രി ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് സെൽവിയും ശശികുമാറും. ശശികുമാർ പത്ത് വർഷത്തിലധികമായി കണ്ണൂർ നഗരത്തിൽ വിവിധ ജോലികളും ചെയ്തുവരുന്നുണ്ട്. സംഭവദിവസം രാത്രി പാറക്കണ്ടിയിൽനിന്നു പോയ പ്രതി, സെൽവി മരിച്ചെന്ന്അറിഞ്ഞിരുന്നില്ല. പിറ്റേദിവസം ജോലിക്കും പോയിരുന്നു.




