ദില്ലി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. സ്‌റ്റേഷനിലെ വെള്ളക്കെട്ടുള്ള ഭാഗത്തെ വൈദ്യുതി പോസ്റ്റില്‍ നിന്നാണ് കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശി സാക്ഷി അഹൂജയ്ക്ക് ഷോക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
രണ്ടു സ്ത്രീകള്‍ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പമാണ് ഇവര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. ചണ്ഡീഗഢിലേക്ക് പോകാനായി എത്തിയ ഇവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കി പോകാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതി തൂണില്‍ പിടിച്ചപ്പോളാണ് അപകടം സംഭവിച്ചത്. തൂണില്‍പിടിച്ച ഉടനെ ഇവര്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു വെന്നാണ് റിപ്പോര്‍ട്ട്.ഷോക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്‍സുലേഷന്‍ തകരാര്‍ മൂലമാണ് കേബിളില്‍ നിന്ന് കറന്റ് ചോര്‍ച്ചയുണ്ടായതെന്ന് സംശയിക്കുന്നതായി റെയില്‍വേ പബ്ലിക് റിലേഷന്‍ വിഭാഗം പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നടത്തി വരികയാണെന്നും അവര്‍ വ്യക്തമാക്കി. അതെസമയം സംഭവത്തില്‍ സാക്ഷിയുടെ സഹോദരി മാധവി ചോപ്രയും അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.




