Section

malabari-logo-mobile

കാട്ടുതീ ;അകാരണമായി വനത്തിനുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

HIGHLIGHTS : Wildfires; Restrictions on people entering the forest unintentionally

മലപ്പുറം:കാട്ടുതീ സാധ്യത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍, വനം-വന്യജീവി വകുപ്പ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം. വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകമായാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

കാട്ടുതീ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഇതിനായി വനം-വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവരുടെ പ്രത്യേക യോഗം വിളിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ അവലോകനം ചേരും. കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ നല്‍കും.

sameeksha-malabarinews

കാട്ടുതീ സാധ്യതാ മേഖലകളില്‍ ഫയര്‍ ലൈനുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. കാട്ടുതീ സാധ്യതാ മേഖലകളില്‍ ‘കോണ്‍ട്രോള്‍ഡ് ബര്‍ണിങ്’ നടത്തണം. വനത്തിനുള്ളിലും വനാതിര്‍ത്തികളിലും പകല്‍ സമയത്തും രാത്രികാലങ്ങളിലും പട്രോളിംഗ് ശക്തമാക്കും. കാട്ടുതീ സാധ്യത മേഖലകളിലും മുന്‍ വര്‍ഷങ്ങളില്‍ കാട്ടുതീ ബാധിച്ച സ്ഥലങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണം. അകാരണമായി വനത്തിനുള്ളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കും.

വനത്തിനുള്ളിലെ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ അകാരണമായി നിര്‍ത്തുന്നില്ലെന്നും ഫയര്‍ വാച്ചര്‍മാര്‍ ഉറപ്പു വരുത്തണം. ടൂറിസം മേഖലകളില്‍ ക്യാമ്പ് ഫയര്‍, സിഗരറ്റ് ഉപയോഗം എന്നിവ നിരോധിക്കും. കാട്ടുതീ നേരിടുന്നതിനായി റേഞ്ച് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും. വനസംരക്ഷണ സമിതികള്‍ വഴി അംഗങ്ങള്‍ക്ക് കാട്ടുതീ നേരിടാനുള്ള പരിശീലനവും നല്‍കും. തീയണയ്ക്കാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പുവരുത്തും. വാഹനങ്ങള്‍ എത്തിപ്പെടുന്ന സ്ഥലങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ സേവനം ആവശ്യപ്പെടുകയും വേണം.
വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ കോളനികളുടെ സുരക്ഷ ഉറപ്പുവരുത്തും. കോളനികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കോളനികളില്‍ കാട്ടുതീ ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. കാട്ടുതീ ഉണ്ടാകുന്ന പക്ഷം അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുതീ ബോധവല്‍ക്കരണം നടത്തണം. സന്നദ്ധ സേനയുടെ മാതൃകയില്‍ കാട്ടുതീ പ്രതിരോധത്തിനായി പ്രദേശവാസികളുടെ കൂട്ടായ്മ രൂപീകരിക്കും. പഞ്ചായത്തുകളില്‍ നിലവിലുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിലെ അംഗങ്ങളെ സജ്ജരാക്കാനും ആവശ്യമായ പരിശീലനം നല്‍കാനും വേണ്ട നടപടികളും സ്വീകരിക്കും. കാട്ടുതീ ഉണ്ടാകുന്ന സാഹചര്യത്തില്‍ വനം വകുപ്പിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!