Section

malabari-logo-mobile

എന്തുകൊണ്ടാണ് ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ മാത്രം സന്ദേഹമുയരുന്നതും വിമര്‍ശനങ്ങളുയരുന്നതും – ഡോ. തോമസ് ഐസക്

HIGHLIGHTS : Why doubt and criticism arise only when the Left government is in power - Dr. Thomas Isaac

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി ചില സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാന്‍ ഞാനില്ല. ഈ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രധാനി കെ വേണുവാണ്. ”തുടര്‍ഭരണം ജനാധിപത്യത്തില്‍ അഭികാമ്യമോ?” എന്ന വിഷയത്തില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതും അദ്ദേഹമാണ്. വിഷയത്തില്‍ ചോദ്യചിഹ്നം ഉണ്ടെങ്കിലും വേണുവിന്റെ നിലപാട് ഇപ്പോഴേ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഉദ്ഘാടനപ്രസംഗത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ആകാംക്ഷയൊന്നുമില്ലെന്ന് പറയുകയാണ് തോമസ് ഐസക് തന്റെ ഫെയസ്ബുക്ക് പോസ്റ്റിലൂടെ.

ഞാനാലോചിക്കുന്നത് വേറൊരു കാര്യമാണ്. തിരഞ്ഞെടുപ്പു വേളയിലൊക്കെ യുഡിഎഫിന് അനുകൂലമായ ആഖ്യാനങ്ങള്‍ മെനഞ്ഞെടുക്കുന്നതിലുള്ള വേണുവിന്റെ വൈഭവത്തെക്കുറിച്ചാണ്. എക്‌സ് നക്‌സലൈറ്റുകള്‍ക്ക് മാധ്യമങ്ങളിലുള്ള കമ്പോളമൂല്യം യുഡിഎഫിന് അനുകൂലമായി വിനിയോഗിക്കുക എന്ന ദൗത്യം എത്രയോ കാലമായി അദ്ദേഹം കേരള സമൂഹത്തില്‍ നിര്‍വഹിക്കുന്നുണ്ട്. ഉദാഹരണം തേടി അകലെയൊന്നും പോകേണ്ടതില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ അദ്ദേഹത്തിന്റെ നിലപാട് നോക്കിയാല്‍ മതി. യുഡിഎഫാണല്ലോ കഴിഞ്ഞ തവണ ഭരിച്ചത്. അഞ്ചുവര്‍ഷത്തെ ഊഴം പൂര്‍ത്തിയാക്കി അവര്‍ ജനവിധി തേടിയപ്പോള്‍, തുടര്‍ഭരണം ജനാധിപത്യത്തിന് അഭികാമ്യമോ എന്ന ചോദ്യം ഉയര്‍ത്താന്‍ വേണുവോ സുഹൃത്തുക്കളോ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ചോദ്യം അപ്പോഴുയര്‍ത്തിയാല്‍ നഷ്ടം യുഡിഎഫിനാവുമല്ലോ എന്ന് തോമസ് ഐസക് വിമര്‍ശിച്ചു.

sameeksha-malabarinews

ഇടതുസർക്കാരിന്റെ ഭരണത്തുടർച്ച അഭികാമ്യമോ എന്ന സന്ദേഹവുമായി ചില സുഹൃത്തുക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവരുടെ…

Posted by Dr.T.M Thomas Isaac on Friday, 12 March 2021

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവരാനിരിക്കെ 2016 ഏപ്രില്‍ 25ന് കെ വേണുവിന്റെ ലേഖനം മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ടു. ”രാഷ്ട്രീയമായി നാം സജ്ജമായോ” എന്നായിരുന്നു തലക്കെട്ട്. രാഷ്ട്രീയസ്ഥിതിഗതികള്‍ വിലയിരുത്തി ”സംഘപരിവാറിനെയും കമ്യൂണിസ്റ്റു ഫാസിസത്തെയും എതിര്‍ചേരിയില്‍ നിര്‍ത്തിക്കൊണ്ടുള്ള മതേതര ജനാധിപത്യമുന്നേറ്റമാണ്” അദ്ദേഹം സ്വപ്നം കണ്ടത്. എന്നുവെച്ചാല്‍ യുഡിഎഫിന്റെ തുടര്‍ഭരണം.

ഏറ്റവും വലിയ തമാശ വേറെയുണ്ട്. 2011-16ലെ ഉമ്മന്‍ചാണ്ടി ഭരണത്തെ വിലയിരുത്തി അദ്ദേഹം എഴുതിയ ചില വാചകങ്ങള്‍ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കാം.

1. ”ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തി ജനങ്ങള്‍ക്ക് ഗുണംചെയ്യാന്‍ ശ്രമിച്ച ‘കേരള മോഡല്‍’ എന്ന് ലോകപ്രശസ്തി നേടിയ കേരള വികസനശൈലി ഇന്ന് നേരെ തലകുത്തിനില്‍ക്കുകയാണ്”.

2. ”സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാതെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്നത് തനി കച്ചവടവത്കരണമാണ്. ലോകശ്രദ്ധയാകര്‍ഷിച്ച ആരോഗ്യരംഗമുണ്ടായിരുന്ന കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം രോഗാതുരമായ സംസ്ഥാനമാണ്”.

3. ”പൊതുവിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസമേഖലയിലും കേരളത്തിന്റെ നിലവാരത്തകര്‍ച്ച ആശങ്കാജനകമാണ്. സര്‍ക്കാറിന് യാതൊരു നിയന്ത്രണവുമില്ലാത്ത വിദ്യാഭ്യാസമേഖലയിലെ കച്ചവടവത്കരണമാണ് കാരണം”.

ഒന്നാമത്തെ ഉദ്ധരണി നോക്കൂ. കെ വേണുവിന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് കേരള മോഡല്‍ വികസനശൈലി തല കുത്തി നില്‍ക്കുകയായിരുന്നു. എന്നിട്ടും തുടര്‍ ഭരണം ആയാലും പ്രശ്‌നമില്ല. പിണറായി സര്‍ക്കാരിനെക്കുറിച്ച് അങ്ങനെയൊരു വിമര്‍ശനം എങ്ങു നിന്നും ഉയര്‍ന്നിട്ടില്ല. ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാവണം എന്ന നിഷ്‌കര്‍ഷ ഉയര്‍ത്തിപ്പിടിച്ച അഞ്ചുവര്‍ഷമാണ് ഈ സര്‍ക്കാരിന്റെ കാലം. ആ മേഖലകളില്‍ സര്‍ക്കാര്‍ മുതല്‍മുടക്ക് ഗണ്യമായി ഉയര്‍ത്തിയെന്ന് തോമസ് ഐസക് പറഞ്ഞു.

പൊതുവിദ്യാഭ്യാസവും പൊതുആരോഗ്യവും ലോകനിലവാരത്തിലെത്തിച്ച് ഏറ്റവും ഗുണമേന്മയുള്ള സേവനം ലഭ്യമാകുംവിധം പൊതുസ്ഥാപനങ്ങളുടെ അടിസ്ഥാനസൌകര്യവികസനത്തിന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്ക് നടന്ന കാലമാണിത്. ഉമ്മന്‍ചാണ്ടിയുടെ അഞ്ചുവര്‍ഷത്തെക്കുറിച്ച് കെ വേണു തന്നെ നടത്തിയ നിരീക്ഷണം പിണറായി സര്‍ക്കാരിന് ബാധകമേയല്ല. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് കേരളം ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സംസ്ഥാനമായിരുന്നു എന്നായിരുന്നല്ലോ നിരീക്ഷണം. ഇന്നോ?

പൊതുആരോഗ്യമേഖലയിലെ ഏറ്റവും മികച്ച സേവനം ഉറപ്പുവരുത്തിക്കൊണ്ട്, ദേശീയതലത്തിലും ആഗോളതലത്തിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയാണ് കേരളം. നീതി ആയോഗിന്റെ സൂചികകള്‍ പ്രകാരം ആരോഗ്യമേഖലയിലും കേരളം തുടര്‍ച്ചയായി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ്. ശിശു മരണ നിരക്കും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. മികച്ച പ്രതിരോധകുത്തിവെയ്പ്പ് നല്‍കുന്ന കാര്യത്തിലും കേരളം മുന്നേറി. ക്ഷയരോഗ നിവാരണത്തിലും സംസ്ഥാനം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ മികച്ച ആശുപത്രികള്‍ക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡില്‍ ആദ്യ പന്ത്രണ്ടു സ്ഥാനങ്ങളും കൈയടക്കിയിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സ്ഥിതിയല്ല ഇപ്പോള്‍. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണണെന്ന് നിഷ്‌കര്‍ഷയുള്ളവര്‍ക്ക് പ്രകടമായ വ്യത്യാസം ബോധ്യപ്പെടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും അങ്ങനെയൊരു സര്‍ക്കാര്‍ തുടരുന്നത് ജനാധിപത്യത്തിന് അഭികാമ്യമല്ല എന്നാണ് വാദം.

ലോകപ്രശസ്തമായ കേരള മോഡല്‍ വികസന ശൈലിയെ തലകുത്തി നിര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും സമീപനത്തിന് തുടര്‍ച്ചയുണ്ടാകുന്നതാണ് ജനാധിപത്യത്തിന് അഭികാമ്യം എന്നു വാദിക്കുന്നവരോട് പ്രത്യേകിച്ച് സംവാദമൊന്നും സാധ്യമല്ല. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിന്തുടര്‍ന്ന നയങ്ങളില്‍ എന്തെങ്കിലും വ്യതിയാനം വരുമെന്നോ വരുത്തുമെന്നോ നാളിതുവരെയും ഒരു സൂചനയും ആര്‍ക്കും കിട്ടിയിട്ടില്ല. എന്നിട്ടും ആ ഭരണനയങ്ങളെ തിരിച്ചു കൊണ്ടുവരാനുള്ള പൊതുജനാഭിപ്രായരൂപീകരണം ലക്ഷ്യമിട്ട് കെ വേണുവും കൂട്ടരും ഇറങ്ങുന്നത് എന്തിനു വേണ്ടിയായിരിക്കും?

മാര്‍ച്ച് 20ന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍, ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!