കാല്‍ തെന്നി കിണറ്റില്‍ വീണ 18 കാരിയെ ഫയര്‍ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി

എടപ്പാള്‍: കാല്‍ തെന്നി കിണറ്റില്‍ വീണ 18 കാരിയെ സാഹസികമായി ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 50 അടി താഴ്ചയുള്ള കിണറിലേക്കാണ് പെണ്‍കുട്ടി വീണുപോയത്.തുടര്‍ന്ന് സ്ഥലത്തെത്തിയ പൊന്നാനി ഫയര്‍ഫോഴ്‌സ് യൂണിറ്റാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ യുവതിയെ രക്ഷപ്പെടുത്തിയത്.

വട്ടംകുളം നെല്ലിശ്ശേരിയില്‍ മൂക്കേടത്തുവളപ്പില്‍ ആസിഫലിയുടെ മകള്‍ ഫിദ(18)യാണ് വീട്ടുവളപ്പിലെ ആള്‍മറയുള്ള 50 അടി താഴ്ചയുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണത്. നാട്ടുകാര്‍ പലവട്ടം ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിയാതെ വന്നതോടെ പൊന്നാനി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.

ഫയര്‍മാന്‍ സുനില്‍ ശങ്കര്‍ ഏറെ സാഹസികമായി ചെയര്‍നോട്ട് ഉപയോഗിച്ച് പെണ്‍കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.ഇതോടെ നാട്ടുകാര്‍ കൈയ്യടിയും ആര്‍പ്പുവിളിയുമായാണ് ഫയര്‍ഫോഴ്‌സിനെ നന്ദി അറിയിച്ചത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കെ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.

വീഴ്ചയില്‍ തുടയെല്ല് പൊട്ടിയ പെണ്‍കുട്ടിയെ ആദ്യം എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Related Articles