വാട്ടർ മെട്രോ പശ്ചിമകൊച്ചിയുടെ മുഖച്ഛായ മാറ്റും: മുഖ്യമന്ത്രി, മട്ടാഞ്ചേരി, വെല്ലിങ്ടണ്‍ ഐലന്റ് വാട്ടര്‍ മെട്രോ ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Water Metro will change the face of West Kochi: Chief Minister inaugurates Mattancherry and Wellington Island Water Metro terminals

മട്ടാഞ്ചേരിയിലേക്ക് വാട്ടര്‍ മെട്രോ എത്തുന്നതോടെ പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതില്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടാഞ്ചേരി, വെല്ലിങ്ടണ്‍ ഐലന്റ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിര്‍ണായക ചുവടുവെപ്പാണ് വാട്ടര്‍ മെട്രോ. യാത്രാ സംവിധാനങ്ങള്‍ ഒരുക്കുക എന്നതിനൊപ്പം ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും അടങ്ങുന്ന വൈവിധ്യപൂര്‍ണമായ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടര്‍ മെട്രോ മാറും. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങള്‍ക്കും ഇടയിലുള്ള ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ ഉപകരിക്കും. നഗരത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയര്‍ത്താനും കഴിയും.മേഖലയുടെ പ്രാദേശിക വികസനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ നല്‍കാന്‍ പോകുന്നത് വലിയ സംഭാവനകളാണ്. വിനോദ സഞ്ചാര മേഖലക്കും വലിയ ഉണര്‍വ് നല്‍കും. നഗരത്തിലെ ജനങ്ങള്‍ക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികള്‍ക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇടക്കൊച്ചിയിലും തോപ്പുംപടിയിലും പുതിയ ടെര്‍മിനലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കടമക്കുടിയിലെ ടെര്‍മിനലിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇവ യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം, തോപ്പുംപടി, മട്ടാഞ്ചേരി, കുമ്പളം, ഇടക്കൊച്ചി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയൊരു ജലഗതാഗത സംവിധാനം രൂപം കൊള്ളും. ഇതൊരു വാട്ടര്‍ സര്‍ക്യൂട്ടായി മാറും.2023-ലായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത്. ഇതിനോടകം അര കോടിയിലേറെ യാത്രക്കാര്‍ വാട്ടര്‍ മെട്രോ ഉപയോഗിച്ചു എന്നാണ് കണക്കാക്കുന്നത്. അവരില്‍, ദൈനംദിന യാത്രക്കാരും വിനോദ സഞ്ചാരികളുമെല്ലാമുണ്ട്.വാട്ടര്‍ മെട്രോയുടെ മാതൃകയില്‍ സര്‍വീസ് ഒരുക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ടു കൊണ്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിദേശ രാജ്യങ്ങളും വരെ കേരളത്തെ നിരന്തരം സമീപിക്കുന്നുണ്ട്.

മുംബൈ അടക്കമുള്ള 20 നഗരങ്ങളില്‍ വാട്ടര്‍ മെട്രോയുടെ സാധ്യതാ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനായി ഭൂമി വിട്ടു നല്‍കിയ വരാപ്പുഴ അതിരൂപതക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു. 22 സെന്റ് ഭൂമിയായിരുന്നു സംഭാവനയായി നല്‍കിയത്. നാടിന്റെ വികസനത്തിനായി സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് വരാപ്പുഴ അതിരൂപത ഭൂമി നല്‍കിയത്.രാജ്യത്ത് തന്നെ പല കാര്യങ്ങള്‍ക്കും മുന്‍ഗാമിയാകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ആരോഗ്യരംഗം, വിദ്യാഭ്യാസരംഗം ഉള്‍പ്പെടെയുള്ളവയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും നേട്ടങ്ങളും രാജ്യം പ്രത്യേകമായി നോക്കി കാണുന്നുണ്ട്. അതോടൊപ്പം രാജ്യത്ത് ഏറ്റവും സ്തുത്യര്‍ഹമായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മാതൃകകള്‍ കേരളമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മട്ടാഞ്ചേരി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. കൊച്ചി വാട്ടര്‍ മെട്രോ, ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തേതും ഏറ്റവും വലുതുമായ ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഏറെ സൗകര്യപ്രദമാണ് എന്നതിനൊപ്പം തന്നെ ഗ്രീന്‍ ഹൗസ് എമിഷന്‍ കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനമായി വാട്ടര്‍ മെട്രോ മാറുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി വ്യക്തമാക്കി.പൂര്‍ണമായും വെള്ളത്തില്‍ നിര്‍മ്മിച്ച മട്ടാഞ്ചേരി വാട്ടര്‍ മെട്രോ ടെര്‍മിനല്‍ നിര്‍മ്മാണം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോകനാഥ് ബഹ്‌റ പറഞ്ഞു. എന്നാല്‍ എന്‍ജിനീയറിങ് വെല്ലുവിളികള്‍, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു. വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമായതോടെ ഉദ്യോഗസ്ഥര്‍ക്കും സഞ്ചാരികള്‍ക്കുമെല്ലാം ഗതാഗതക്കുരുക്കില്‍ വലയാതെ തന്നെ വേഗത്തില്‍ വെല്ലിങ്ടണ്‍ ഐലന്‍ന്റിലേക്ക് എത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, എംഎല്‍എമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, മേയര്‍ അഡ്വ എം അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ. എ അന്‍സിയ, കൗണ്‍സിലര്‍ ടി. പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടര്‍ (പ്രോജക്ട്) ഡോ. എം.പി രാം നവാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!