ജലബജറ്റ്: സംസ്ഥാനതല പ്രകാശനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും; ജില്ലയില്‍ നിന്ന് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്

രാജ്യത്തിന് തന്നെ മാതൃയാക്കാവുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജലബജറ്റ് പദ്ധതിയുടെ സംസ്ഥാനതല പ്രകാശന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 14 ബ്ലോക്ക് പഞ്ചായത്തുകള്‍ തയ്യാറാക്കിയ ജലബജറ്റ് അവതരിപ്പിക്കും. മലപ്പുറം ജില്ലയില്‍ നിന്നും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെയാണ് ജലബജറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുത്തിരുന്നത്. ബ്ലോക്കിന് കീഴില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലെ വിവരങ്ങള്‍ ശേഖരിച്ചാണ് ജലബജറ്റിനാവശ്യമായ രേഖകള്‍ ബ്ലോക്കില്‍ തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും ജലസഭകളും ജലവിനിയോഗ കണക്കെടുപ്പും പൂര്‍ത്തിയാക്കിയാണ് ബജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി ഡബ്ല്യു.ആര്‍.ഡി.എം) ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊണ്ടാട്ടി ബ്ലോക്കിലെ ജലബജറ്റ് അവതരണത്തിന് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, സെക്രട്ടറി വിനോദ് പട്ടാളത്തില്‍, മുന്‍ ബി.ഡി.ഒ എന്‍.സുരേന്ദ്രന്‍ , ജോയിന്റ് ബി.ഡി.ഒ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ജലബജറ്റ് തയ്യാറാക്കുന്നത്. ലോക ജലദിനത്തോടനുബന്ധിച്ച് പഞ്ചായത്തുകളില്‍ ജലബജറ്റ് അടിസ്ഥാനമാക്കിയുള്ള അവതരണവും ജലസഭയും സംഘടിപ്പിച്ചിരുന്നു. കിളിമാനൂര്‍, മുഖത്തല, മല്ലപ്പള്ളി, മാവേലിക്കര, ഈരാറ്റുപേട്ട, ഇടുക്കി, മുളന്തുരുത്തി, ചൊവ്വന്നൂര്‍, ചിറ്റൂര്‍, കുന്ദമംഗലം, മാനന്തവാടി, പേരാവൂര്‍, കാഞ്ഞങ്ങാട് എന്നിവയാണ് മറ്റു ബ്ലോക്കുകള്‍.

_ജലബജറ്റിന്റെ പ്രസക്തി_

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രാദേശിക തലങ്ങളില്‍ കൃഷിക്കും കുടിവെള്ളത്തിനുമായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. ഈ അവസരത്തില്‍ ജലലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ പദ്ധതികള്‍ വിജയിക്കുകയുള്ളൂ.
ഇതോടൊപ്പം ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും വെല്ലുവിളി നേരിടാന്‍ പ്രാദേശിക ഇടപെടലുകളും നടത്തുകയാണ് ബജറ്റ് നിര്‍മിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

_ജലബജറ്റ് തയ്യാറാക്കുന്നത് എങ്ങനെ_

ഓരോ പ്രദേശത്തും ലഭ്യമായ ജലത്തിന്റെ അളവും വിവിധ ആവശ്യങ്ങള്‍ക്ക് ആവശ്യമായ ജലത്തിന്റെ അളവും കണക്കാക്കുകയാണ് ആദ്യം ചെയ്യുന്നത്. കൃഷി,മൃഗസംരക്ഷണം,ഗാര്‍ഹികം, വ്യാവസായികം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് അതത് മേഖലകളില്‍ നാം എത്രമാത്രം ചെലവഴിക്കുന്നു എന്നും നിലവില്‍ എത്ര ആവശ്യമുണ്ടെന്നും ഭാവിയില്‍ അവയില്‍ വരാവുന്ന വ്യതിയാനം എത്രയെന്നും കണക്കാക്കുന്നു. സൂക്ഷ്മ നീര്‍ത്തടങ്ങളെ അടിസ്ഥാനമാക്കി അവയിലേക്കു ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് അവയില്‍ നിന്നും പുറത്തേക്ക് ഒഴുകി പോകുന്ന ജലത്തിന്റെ അളവും കണക്കാക്കുന്നു. ഒരു പ്രദേശത്ത് പെയ്തു കിട്ടുന്ന മഴയുടെ അളവും ഓരോ നീര്‍ത്തടത്തിലേക്ക് വിവിധ ജലസ്രോതസ്സുകളില്‍ ലഭ്യമായ ജലത്തിന്റെ അളവും വിലയിരുത്തി വേനല്‍ക്കാല ജലലഭ്യത കണക്കാക്കും.
ഇതോടൊപ്പം തന്നെ ആ പ്രദേശത്തിന്റെ മണ്ണിന്റെ ഘടനയും ജല ലഭ്യതയും കണക്കാക്കും. ഇവ ക്രോഡീകരിച്ച് ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. ഭൂപ്രകൃതിയുടെ സവിശേഷതയും കാലാവസ്ഥാ വ്യതിയാനവും വലിയതോതില്‍ പ്രകൃതിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാലഘട്ടത്തില്‍ ജല ലഭ്യതവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കൃത്യമായ കാര്‍ഷിക കലണ്ടര്‍ പ്രകാരം കൃഷി ചെയ്തുവന്നിരുന്ന കേരളത്തില്‍ ജലമേഖലയിലെ സുസ്ഥിരത തിരികെ കൊണ്ടുവരേണ്ടതും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ച് ഭാവിയിലേക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതും അനിവാര്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top