സുഡാന്‍ സംഘര്‍ഷം തുടരുന്നു; ഒരു മലയാളിയടക്കം 56 മരണം

കണ്ണൂര്‍: സുഡാനില്‍ അധികാരം പിടിക്കാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും (ആര്‍എസ്എഫ്) തമ്മില്‍ നടക്കുന്ന സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. സുഡാനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഒരു മലയാളിയടക്കം 56 മരണം. കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ആണ് കൊല്ലപ്പെട്ടത്. കമ്പനിയുടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു
സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷം മൂന്നാം ദിവസവും തുടരുന്നു . കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണക്കാരാണ്. വെടിവെപ്പിലും ബോംബാക്രമണത്തിലും 1200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മൃതദേഹം സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. താമസിക്കുന്ന ഫ്‌ലാറ്റിന്റെ ജനലരികില്‍ നില്‍ക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. മേഖലയില്‍ സംഘര്‍ഷം തുടരുന്നത് മൃതദേഹം മാറ്റാന്‍ തടസ്സമായിരുന്നു. മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാന്‍ കുടുംബം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു.

ആല്‍ബര്‍ട്ടിന്റെ ഭാര്യക്കും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ഭക്ഷണമടക്കം ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസിയും ആല്‍ബര്‍ട്ട് ജോലി ചെയ്തിരുന്ന ദാല്‍ ഫുഡ് കമ്പനിയും വ്യക്തമാക്കി. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലേക്കാണ് ഇരുവരെയും മാറ്റിയിരിക്കുന്നത്. ഇവിടേക്ക് ഭക്ഷണവും വെള്ളവും എത്തിച്ചിട്ടുണ്ടെന്ന് എംബസി അധികൃതര്‍ അറിയിച്ചു. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്റെ അച്ഛന്‍ അഗസ്റ്റിന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

തലസ്ഥാനമായ ഖാര്‍ത്തമിലാണ് സംഘര്‍ഷം കൂടുതല്‍. ശനിയാഴ്ചയാണ് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും സായുധ സേനയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. തലസ്ഥാനമായ ഖര്‍ത്തൂം, മര്‍വ, അല്‍ അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആര്‍എസ്എഫ് ഏറ്റെടുത്തെന്നാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് അര്‍എസ്എഫിന്റെ അവകാശവാദം. എന്നാല്‍ ഇത് സുഡാന്‍ സൈന്യം നിഷേധിച്ചു. ഈജിപ്തും ദക്ഷിണ സുഡാനും മധ്യസ്ഥതയ്ക്ക് സന്നധത അറിയിച്ചെങ്കിലും ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറായില്ല.

Share news
error: Content is protected !!
Scroll to Top