നൂറ് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണം എന്നുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജനങ്ങളെ ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അനുവദിക്കുവെന്നും സുപ്രീംകോടതി വിലയിരുത്തി. ഒരു സംഘം സാങ്കേതിക വിദഗ്ധര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയത്.

സുപ്രീം കോടതിയുടെ സിജെഐ ബെഞ്ച് നേരത്തെ തന്നെ ഈ വിഷയത്തില്‍ തീരുമാനമെടുത്തിട്ടുള്ളതാണെന്നും വീണ്ടും ഇതേ പരാതി പരിഗണിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഈ ഹരജി വിഡ്ഡിത്തരമാണെന്നുമാണ് കോടതി ഈ ഹരജി തള്ളിക്കൊണ്ട് പറഞ്ഞത്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ചും ഇന്ന് വിവിപാറ്റുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നുണ്ട്.

നേരത്തെ അമ്പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച പുനപരിശോധന ഹരജി സുപ്രീം കോടതി നേരത്തെതന്നെ തള്ളിയിരുന്നു. ഇതെതുടര്‍ന്ന് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റിലെ രസീതുകള്‍ എണ്ണാമെന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതെതുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനനെ സമീപിച്ചിരുന്നു.

Related Articles