Section

malabari-logo-mobile

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Vizhinjam International Port: The Chief Minister will inaugurate an expert meeting and seminar today

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിക്കുന്ന വിദഗ്ധ സംഗമവും സെമിനാറും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ തുറമുഖം-മ്യൂസിയം- പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, ശശി തരൂര്‍ എം.പി. എന്നിവര്‍ സംസാരിക്കും.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് എം.ഡി. ഗോപാലകൃഷ്ണന്‍ സ്വാഗതം പറയും. തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു പദ്ധതി വിശദീകരണം നടത്തും. തുടര്‍ന്ന് വിദഗ്ധര്‍ വിഷയാവതരണം നടത്തും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയിലെ മുന്‍ ശാസ്ത്രജ്ഞനും എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാ എന്‍ജിനിയറിങ് തുറമുഖ- പരിസ്ഥിതി വിഭാഗം തലവനുമായ രാജേഷ് പി.ആര്‍. ‘വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളില്‍ – പഠന വെളിച്ചത്തില്‍’ എന്ന വിഷയം അവതരിപ്പിക്കും.

sameeksha-malabarinews

‘തീര രൂപീകരണത്തിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ’ ത്തെക്കുറിച്ച് ഇന്‍ഡോമര്‍ കോസ്റ്റല്‍ ഹൈഡ്രോളിക്‌സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ഓഷ്യന്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ മുന്‍ തലവനും ശാസ്ത്രജ്ഞനുമായ ഡോ. പി. ചന്ദ്രമോഹനും ‘തിരുവനന്തപുരം കടല്‍തീരത്തെ മാറ്റങ്ങള്‍ – യഥാര്‍ത്ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി’ നെക്കുറിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ മറൈന്‍ ജിയോസയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. എല്‍. ഷീല നായരും സംസാരിക്കും.

ഒരു മണി മുതല്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ചെന്നൈ ഐ.ഐ.ടി. ഓഷ്യന്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. എസ്.എ. സന്നസിരാജ്, ഖരഗ്പൂര്‍ ഐ.ഐ.ടിയിലെ ഓഷ്യന്‍ എന്‍ജിനിയറിങ് ആന്‍ഡ് നേവല്‍ ആര്‍ക്കിടെക്ടര്‍ വിഭാഗം പ്രൊഫസര്‍ ഡോ. പ്രസാദ് കുമാര്‍ ഭാസ്‌കരന്‍, ഇ.എസ്.ജി. സ്‌പെഷ്യലിസ്റ്റ് സി. വി. സുന്ദരരാജന്‍, ഡോ. പി. ചന്ദ്രമോഹന്‍, ഡോ. എല്‍. ഷീലാ നായര്‍ എന്നിവര്‍ പങ്കെടുക്കും. ക്യാപ്പിറ്റല്‍ റീജിയന്‍ ഡെവലപ്‌മെന്റ് മുന്‍ സ്‌പെഷ്യല്‍ ഓഫീസറും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ബാലകൃഷ്ണന്‍ പാനല്‍ ചര്‍ച്ചയുടെ മോഡറേറ്ററായിരിക്കും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒ. ഡോ. ജയകുമാര്‍ നന്ദി പറയും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!