വൈറസിലെ അവസാനത്തെ ആ ഒറ്റദൃശ്യത്തിലാണ് എന്റെ കണ്ണ് (സിനിമാ റിവ്യു


സിനിമാ റിവ്യു : വി.കെ.ജോബിഷ്
രോഗങ്ങള്‍ നായകന്‍മാരെ ഇല്ലാതാക്കും. പ്രത്യേകിച്ച് മരണത്തെ തൊട്ട് മാത്രം പിന്‍വാങ്ങുന്ന രോഗങ്ങള്‍. ഒറ്റയ്‌ക്കൊറ്റയ്ക്ക് നേരിടാനാവാതെ നിപ്പക്കാലം പോലെ മലയാളി പകച്ചുപോയ മറ്റൊരു സമീപകാല സന്ദര്‍ഭമുണ്ടാകില്ല. അത്ര ഭീതിതമായിരുന്നു ആ രോഗം.ശുചീകരണത്തൊഴിലാളിയും ആംബുലന്‍സ് ഡ്രൈവറും മുതല്‍ കളക്ടറും ആരോഗ്യമന്ത്രിയുംവരെയുള്ള അനേക മനുഷ്യര്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് നായകത്വത്തിലേക്കുയര്‍ന്ന് നിപയെ അതിജീവിച്ച കാലം.അതായിരുന്നു 2018. അതുകൊണ്ടാവാം സംവിധായകന്‍ പതിവുസിനിമകളിലെ നായകത്വത്തെ തന്റെ ‘വൈറസി’ല്‍ നിന്ന് പൂര്‍ണമായും ഉപേക്ഷിച്ചത്. വൈറസില്‍ നന്‍മയുടെ മനത്താങ്ങുമായി വരുന്ന ഓരോരുത്തരും നായകന്‍മാരാണ്.നായികമാരാണ്. അവര്‍ ഓരോനിമിഷത്തിലും ഒരിക്കല്‍ മരണത്തിനു മുന്നില്‍നിന്ന് മുഖാമുഖം പോരാടിയവരുടെ പ്രതിരൂപങ്ങളാണ്. അവരാണ് അവര്‍ മാത്രമാണ് നാമിന്ന് ജീവിക്കുന്നതിനുത്തരവാദികള്‍.അവരോടുള്ള മലയാളിയുടെ കടപ്പാടാണ് ആഷിഖ് അബുവിലൂടെ, ‘വൈറസി’ലൂടെ നിറവേറ്റപ്പെട്ടത്.

ഒരു സിനിമ കാണുമ്പോള്‍ തിയറ്ററില്‍ അമ്മമാരോടൊപ്പം ഇരിക്കുന്ന ചെറിയ കുട്ടികളുടെ കരച്ചില്‍വരെ പൊതുവെ കാണികളില്‍ അസ്വസ്ഥതയുണ്ടാകും.പക്ഷെ വൈറസ് കാണുമ്പോള്‍ അങ്ങനെയുമുണ്ടാകുന്നില്ലെന്ന് ശ്രദ്ധിച്ചിരുന്നു.കാരണം തനിക്കു ചുറ്റുമുണ്ടാകുന്ന ഏത് കരച്ചിലും കണ്ണീരും തന്റേതുകൂടിയാണെന്ന തോന്നലില്‍ വൈറസിന്റെ കാണി കാഴ്ചയുടെ നിമിഷങ്ങളില്‍ത്തന്നെ ഉയരുന്നുണ്ട്. ഇത് തന്നെയാണ് ഏതൊരു സിനിമയ്ക്കും ചെയ്യാനുള്ളത്. അത് വൈറസിന്റെ ടീം അതിഗംഭീരമായിത്തന്നെ ചെയ്തു വെച്ചിട്ടുണ്ട്.കരുണയുടെ കൈകളിലാണ്, പ്രതിബദ്ധതയോടെയുള്ള ചുറ്റുമുള്ളവരുടെ നീക്കങ്ങളിലാണ് ഈ ലോകം കൂടുതല്‍ക്കൂടുതല്‍ സൗന്ദര്യപ്പെടുന്നതെന്ന് കാണിച്ചുതരുന്ന ഒരു സിനിമ. തുടക്കത്തിലെ ആശുപത്രി കാഷ്വാലിറ്റി ദൃശ്യങ്ങള്‍ മുതല്‍ അവസാനംവരെ അതുണ്ട്.

അതെ, അതിജീവനത്തിനായുള്ള ഇലയനക്കങ്ങള്‍ക്കു പോലും കാതു കൊടുക്കുന്ന മനുഷ്യരെയുണ്ടാക്കുക. അവരാണ് ഭൂമിയുടെ കാവല്‍.കാതല്‍. അവരെക്കുറിച്ചാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്. അത്തരം ഒരു മനോഹരമായ ദൃശ്യത്തിലാണ് ‘വൈറസ് ‘ അവസാനിക്കുന്നതും. ജാനകിക്കാട് റോഡിലൂടെ ബൈക്കില്‍ പോകുന്ന സക്കറിയ തനിക്കുമുന്നില്‍ നിസ്സഹായതയോടെ പിടയുന്ന ഒരു വവ്വാല്‍ക്കുഞ്ഞിനെ കയ്യിലെടുത്ത് ഒരു മരപ്പൊത്തില്‍ വെക്കുന്ന ആ ഒറ്റ ദൃശ്യത്തിലുണ്ട് വൈറസിന്റെ ഈ ജൈവരാഷ്ട്രീയം. നോണ്‍ലീനിയറായി കഥ പറഞ്ഞ്‌പോയി ഒടുക്കം നിപയ്ക്ക് കാരണമായെന്ന് വിശ്വസിക്കുന്ന ആ വവ്വാല്‍ക്കുഞ്ഞുങ്ങളൊന്നിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ആ ദൃശ്യം അവസാനത്തിലേക്ക് മാറ്റിവെച്ചതിന് നന്ദിയുണ്ട് ആഷിഖ്. കാരണം മരണത്തിനിടയിലെവിടെയെങ്കിലും ആ ദൃശ്യം തിരുകിവെച്ചിരുന്നെങ്കില്‍ സിനിമ ഇത്രമാത്രം ഉയര്‍ന്നു നില്‍ക്കില്ലായിരുന്നു. അതെ,മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാമിടമുള്ള വീടുകളുള്ള സിനിമയാണിത്.സഹജീവനത്തിലൂടെ അതിജീവനം സാധ്യമാകുന്ന ലോകത്തെ മുന്നില്‍ വെച്ച് പിന്‍വാങ്ങുന്ന വൈറസിന്റെ ഈ സ്‌നേഹ രാഷ്ട്രീയം തീര്‍ച്ചയായും കാഴ്ചയില്‍ വൈറലാകേണ്ടതുണ്ട്.

നിപയെക്കുറിച്ചുള്ള സിനിമ ലിനിയെക്കുറിച്ചുള്ള സിനിമയാകുമെന്ന് കരുതിയിരുന്നു.നിപ്പാക്കാലത്തെ വലിയ സങ്കടങ്ങളിലൊന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനിയുടെ മരണമായിരുന്നു. ആതുരസേവനത്തിനിടെ പതുക്കെപ്പതുക്കെ ജീവന്‍ ത്യജിച്ച ആ മാലാഖയുടെ ജീവിതം മാത്രമാക്കി സിനിമയെ മാറ്റാതിരുന്നതും മറ്റൊരു നിലയില്‍ വൈറസിനെ ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഒരേസമയം ഇത് ഒരു ദേശത്തിന്റെയും കാലത്തിന്റെയും മുഴുവന്‍ കഥയായി മാറിയത്. മരണത്തിന്റെ കശാപ്പുശാലയില്‍ എല്ലാവരും ബലിയാവുമ്പോള്‍ ഒറ്റയൊറ്റ സങ്കടങ്ങളെ മാത്രം ദൃശ്യങ്ങളുടെ കേന്ദ്രമാക്കാന്‍ സംവിധായകന്‍ മുതിരുന്നില്ലല്ലോ.അതാണ് ഈ സിനിമയുടെ മറ്റൊരു രാഷ്ട്രീയം. അതിനാണ് ഒരു വലിയ കയ്യടി.
എന്തായാലും ഭയം നക്കിത്തുടച്ച നാടുകളെ, വീടുകളെ, മനുഷ്യരെ, അവരുടെ കഥകളും ജീവിതങ്ങളുംകൂടി പങ്കുവെച്ച് വൈകാരിക ലോകത്തെ തീവ്രമാക്കുന്നതില്‍ ആഷിഖും ടീമും ഞെട്ടിച്ചിട്ടുണ്ട്.

നിപയെക്കുറിച്ചുള്ള സിനിമ ഡോക്യുഫിക്ഷനായിപ്പോകുമെന്ന മുന്‍വിധികള്‍ക്കു മുന്നിലൂടെ ഏഴു ശിരസ്സുകളില്‍ കിരീടമണിയിച്ച് കൊമ്പും കുളമ്പും തുമ്പിയുമുള്ള ഫിക്ഷനാക്കി മലയാളസിനിമയെ നടത്തിക്കാനുള്ള ഭാവനാ ലോകങ്ങള്‍ക്ക് ടീം ‘വൈറസി’ന് അഭിനന്ദനങ്ങള്‍.

Related Articles