കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കൊല്‍ക്കത്ത പൊലീസിലെ സിവിക് വോളണ്ടിയറായ സഞ്ജയ് റോയ് ആണ് കേസിലെ പ്രധാനപ്രതി. 128 പേരാണ് സംഭവത്തിലെ സാക്ഷികള്‍. സംഭവം നടന്ന് 162 ദിവസങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവം. സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി അനിര്‍ബാന്‍ ദാസാണ് വിധി പുറപ്പെടുവിക്കുക.

മെഡിക്കല്‍ കോളേജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു. ഇതെതുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്‌കരിച്ച് വരെ ഡോക്ടര്‍മാരും സമരത്തിലായിരുന്നു.

പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒന്‍പതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയര്‍ ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടര്‍ന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്.

അതെസമയം കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയി മാത്രമല്ല കേസില്‍ പ്രതിയെന്നും മറ്റുള്ളവര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകള്‍ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരുമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top