HIGHLIGHTS : Kannukadavu bridge across Poonkudi stream to be inaugurated tomorrow
ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ജനുവരി 19 ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഏറനാട് നിയോജക മണ്ഡലത്തിലെ അരീക്കോട് ഗവ. ഐ.ടി.ഐ. ക്കു സമീപം കാരിപറമ്പിലേക്കാണ് പാലത്തിലൂടെയുള്ള റോഡ് ചെന്നു ചേരുന്നത്. ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനാകും. പ്രിയങ്ക ഗാന്ധി എം.പി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.കെ. ബഷീര്‍ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
2020-21 ബജറ്റില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപ ചെലവില്‍ നാല് സ്പാനുകളിലായി നിര്‍മിച്ച പാലത്തിന് 79.80 മീറ്റര്‍ നീളമുണ്ട്. 7.5 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും 1.5 മീറ്റര്‍ വീതി വരുന്ന രണ്ട് ഫൂട്ട് പത്തുകളും കൂടി ആകെ 11 മീറ്ററാണ് വീതി. കാരിപ്പറമ്പ് ഭാഗത്തെ അപ്രോച്ച് റോഡിന് 185 മീറ്റര്‍ നീളവും എളങ്കാവ് ഭാഗത്ത് 50 മീറ്റര്‍ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം. & ബി.സി. സര്‍ഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികള്‍, ബേം കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, വാഹന ഗതാഗത സുരക്ഷാ സംവിധാനത്തിനായി ക്രാഷ് ബാരിയറുകളും പൂര്‍ത്തിയിട്ടുണ്ട്.
പാലം, അപ്രോച്ച് റോഡ് പ്രവൃത്തിക്ക് ഭൂമി മുഴുവനായും സൗജന്യമായി വിട്ടു നല്‍കിയത് വാഴക്കാട് ദാറുല്‍ ഉലൂം അസോസിയേഷനാണ്. ടാന്‍ ബി കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.