ബൈക്കിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ രഹസ്യ അറ, പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകള്‍ ; തിരൂരങ്ങാടിയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍പണവുമായി വേങ്ങര, തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍

ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ 27.23 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേര്‍ പിടിയില്‍. വേങ്ങര, തിരൂരങ്ങാടി സ്വദേശികളാണ് രേഖകളില്ലാത്ത പണവുമായി പിടിയിലായത്. വേങ്ങര സ്വദേശി കല്ലന്‍ മൂസ, തിരൂരങ്ങാടി സ്വദേശി മറ്റത്ത് ആബിദ് എന്നിവരാണ് പിടിയിലായത്. കല്ലന്‍ മൂസയില്‍ നിന്നും 22.50 ലക്ഷം രൂപയും മറ്റത്ത് ആബിദില്‍ നിന്ന് 6.73 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.

എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് സ്‌ക്വാഡും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംശയാസ്പദമായി ബൈക്ക് യാത്രികനായ മൂസയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കിനിടയില്‍ രഹസ്യയറയുണ്ടാക്കി അതില്‍ സൂക്ഷിച്ച നിലയില്‍ പണം കണ്ടെടുത്തു. ബൈക്കിന്റെ ടാങ്ക് കവറിനടിയില്‍ ടാങ്കിനുള്ളിലേക്കായി പ്രത്യേക തയ്യാറക്കിയ രഹസ്യ അറയിലായിരുന്നു 22.50 ലക്ഷം രൂപ ഇയാള്‍ ഒളിപ്പിച്ചത്.

തിരൂരങ്ങാടി സ്വദേശിയായ മറ്റത്ത് ആബിദില്‍ നിന്ന് ബൈക്കില്‍ ബാഗില്‍ കൊണ്ടുവരികയായിരുന്ന 6.73 ലക്ഷം രൂപയാണ് പിടികൂടിയത്. പണം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ്റിന് കൈമാറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top