Section

malabari-logo-mobile

കാത്തിരിപ്പിന് വിരാമം: വേങ്ങര പോലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക്

HIGHLIGHTS : Vengara police station to its own building

വേങ്ങര:നാല്‍പ്പത്തഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വേങ്ങര പോലീസ് സ്റ്റേഷന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷന്‍ ഉടന്‍ മാറും. വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പോലീസ് സ്റ്റേഷന്‍ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ രണ്ട്  നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.  സീനിയര്‍ ഓഫീസര്‍മാര്‍ക്കും ജൂനിയര്‍ ഓഫീസര്‍മാര്‍ക്കും വനിതാ ഓഫീസര്‍മാര്‍ക്കുമായി പ്രത്യേകം പ്രത്യേകം മുറികള്‍ പുതിയ സ്റ്റേഷന്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. എസ്.എച്ച്.ഒ, എസ്.ഐ എന്നിവര്‍ക്കുള്ള മുറികള്‍,  ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാന്‍സ് ജന്‍ഡര്‍, പുരുഷന്‍, സ്ത്രീ തടവുകാരെ താല്‍ക്കാലികമായി പാര്‍പ്പിക്കുന്നതിന് വെവ്വേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഭിന്നശേഷി സൗഹാര്‍ദ്ദ പോലീസ് സ്റ്റേഷനില്‍ ക്രമസമാധാന പാലനത്തിനായി വനിതകള്‍ ഉള്‍പ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുന്നതോടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കുമെന്ന് വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.

sameeksha-malabarinews

1977 ല്‍ കച്ചേരിപ്പടിയിലാണ് വേങ്ങര പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1986ല്‍ സ്റ്റേഷന്‍ നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2007ല്‍ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുകയും സ്റ്റേഷന്റെ പ്രവര്‍ത്തനം അതിലേക്ക്  മാറ്റുകയുമായിരുന്നു. വേങ്ങര ബ്ലോക്ക് റോഡിലെ മൃഗാശുപത്രിയ്ക്ക് കീഴിലുള്ള  25 സെന്റ് സ്ഥലമാണ് പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി വിട്ടുനല്‍കിയത്.  2020 നവംബറിലാണ് വേങ്ങര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണം ആരംഭിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!