Section

malabari-logo-mobile

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പുനരധിവാസ വില്ലേജ് വരുന്നു : തറക്കല്ലിടല്‍ ഫെബ്രുവരി എട്ടിന്

HIGHLIGHTS : ദുരിതബാധിത പ്രദേശത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്...

ദുരിതബാധിത പ്രദേശത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങള്‍
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്നു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ ഫെബ്രുവരി എട്ടിന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ അഞ്ച് കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എത്രയും വേഗം നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നു നടക്കും. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച നാല് സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന്‍ ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെ നിയമനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കി വരികയും ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നിരവധി ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നുണ്ട്. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നു. കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വൈദ്യുത ബില്ലില്‍ 50 ശതമാനം ഇളവും നല്‍കി വരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!