Section

malabari-logo-mobile

ആരോഗ്യരംഗത്ത് വന്‍മാറ്റവുമായി ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’

HIGHLIGHTS : Veena George, Minister of Health, said that as part of the campaign implemented by the Health Department as a part of controlling lifestyle disease...

തിരുവനന്തപുരം: സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 6 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ഇ ഹെല്‍ത്ത് രൂപകല്പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കാനും സഹായിക്കുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് ഈ നേട്ടം കൈവരിക്കാനായത് ആരോഗ്യ വകുപ്പിന്റെ ഒത്തൊരുമയുള്ള പ്രവര്‍ത്തനങ്ങളാണ്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിച്ചു.

ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നത്. ഇതുവരെ ആകെ 50,01,896 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 18.89 ശതമാനം പേര്‍ (9,45,063) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 10.76 ശതമാനം പേര്‍ക്ക് (5,38,491) രക്താതിമര്‍ദ്ദവും, 8.72 ശതമാനം പേര്‍ക്ക് (4,36,170) പ്രമേഹവും, 3.74 ശതമാനം പേര്‍ക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

sameeksha-malabarinews

ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീര്‍ണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ കാമ്പയിന്‍ വഴി 6.44 ശതമാനം പേര്‍ക്ക് (3,22,155) കാന്‍സര്‍ സംശയിച്ച് റഫര്‍ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേര്‍ക്ക് വദനാര്‍ബുദവും, 5.42 ശതമാനം പേര്‍ക്ക് സ്തനാര്‍ബുദവും, 0.84 ശതമാനം പേര്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ സംശയിച്ചും റഫര്‍ ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ കണ്ടെത്തുന്നവര്‍ക്ക് രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ സ്‌ക്രീനിംഗ് ഡാഷ്‌ബോര്‍ഡ് പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവര്‍ക്കും കാന്‍സര്‍ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാന്‍സര്‍ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണ്.

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ വഴിയാണ് ഇത് നടപ്പിലാക്കി വരുന്നത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയില്‍ മന്ത്രിയുടെ നിര്‍ദേശ പ്രകാരം ക്യാന്‍സര്‍ രോഗ നിയന്ത്രണം, പാലിയേറ്റീവ് കെയര്‍ എന്നീ മേഖലകളെ കൂടി ഉള്‍പ്പെടുത്തി. ഈ കാമ്പയിനിലൂടെ 35,580 പാലിയേറ്റിവ് കെയര്‍ രോഗികളേയും 65,164 പരസഹായം ആവശ്യമുള്ളവരേയും സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചു. ആവശ്യമായവര്‍ക്ക് മതിയായ പരിചരണം ഉറപ്പ് വരുത്തും. സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വലിയ മാറ്റത്തിനായിരിക്കും ഈ പദ്ധതിയിലൂടെ കഴിയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!