വാഴയൂരില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു;13 കാരന് ഗുരുതര പരിക്ക്

കൊണ്ടോട്ടി: ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. അപകടത്തില്‍ 13 വയസ്സുരാനായ പേരക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വാഴയൂര്‍ ചെലാട്ട് മൂലകോയ പുറത്ത് പരേതനായ കുമാരന്റെ ഭാര്യ ജാനകി(65) ആണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സമീപത്തെ പറമ്പിലെ പന ഇവരുടെ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ഇതോടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകരുകയും ഇത് ജാനകിയുടെയുള്‍പ്പെടെയുള്ളവരുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. മകന്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ ജിഥി (13)നാണ് ഗുരുതര പരിക്കേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഉണ്ണിക്കൃഷ്ണന്‍, ഭാര്യ, മറ്റൊരു മകന്‍ എന്നിവര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.

ഇവരുടെ വീട് നേരത്തെ ഓട് മേഞ്ഞതായിരുന്നു. എന്നാല്‍ ഓടുകള്‍ പൊട്ടിയതോടെ പുതുക്കിപ്പണിയാന്‍ പണമില്ലാത്തതിനാല്‍ ഫളക്സ് വലിച്ചുകെട്ടിയിരിക്കുകയാണ്. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജാനകിയെയും മറ്റുള്ളവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ജാനകിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള ജാനകിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Related Articles